തിരുവനന്തപുരം: വയനാട്ടില്‍ മത്സരിക്കുകയെന്നത് കെ. സുരേന്ദ്രന്റെ വിധിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കെ. സുരേന്ദ്രന്‍ എവിടെ മത്സരിച്ചാലും ഒരു കാര്യവുമില്ലെന്ന് എല്ലാവര്‍ക്കും അറിയാം. പെര്‍മനെന്റ് വിസയുമായി നടന്നിട്ടും ഒരിടത്തും ജനങ്ങള്‍ അടിപ്പിച്ചിട്ടില്ല. മത്സരിക്കാനുള്ള അദ്ദേഹത്തിന്റെ അവകാശത്തെ ചോദ്യം ചെയ്യുന്നില്ലെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
മാസപ്പടി ആരോപണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രിയോ മരുമകന്‍ മന്ത്രിയോ മറുപടി നല്‍കിയില്ല. ഇതൊഴികെ മറ്റു കാര്യങ്ങളൊക്കെ പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്‌സാലോജിക്കിലേക്ക് നിരവധി സ്ഥാപനങ്ങള്‍ പണം നല്‍കിയിട്ടുണ്ട്. എന്ത് ആനുകൂല്യമാണ് ആ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാനത്തെ ഭരണകൂടം ചെയ്തു കൊടുത്തത്? വെറുതെ ആരും പണം ഇടില്ല.
നികുതി വെട്ടിപ്പ് ഉള്‍പ്പെടെയുള്ളവക്ക് സൗജന്യം ചെയ്തു കൊടുത്തതിനാണ് ഈ പണം നിക്ഷേപിച്ചത്. 12 സ്ഥാപനങ്ങളില്‍ നിന്നും എന്തിനാണ് പണം വാങ്ങിയത്. മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്ന് കൊണ്ട് മകളുടെ കമ്പനിയിലേക്ക് ഇത്രയും വലിയ തുക എങ്ങനെയാണ് വന്നതെന്ന് ചോദിച്ചാല്‍ മറുപടി നല്‍കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നു കൊണ്ടാണ് ഈ അഴിമതി നടത്തിയത്. മറുപടി പറഞ്ഞേ മതിയാകൂ. തിരഞ്ഞെടുപ്പ് വിഷയങ്ങള്‍ മാറ്റാന്‍ എല്ലാ ദിവസവും രാവിലെ പൗരത്വം പൗരത്വം എന്ന് പറഞ്ഞ് വരേണ്ട.
എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് സ്‌ക്വാഡിനുള്ള പണം ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നാണ് ചെലവഴിച്ചിരിക്കുന്നത്. 12 കോടി രൂപയുണ്ടായിരുന്നെങ്കില്‍ എത്ര പേര്‍ക്ക് പെന്‍ഷന്‍ കൊടുക്കാമിയിരുന്നു. പത്തനംതിട്ടയില്‍ കുടുംബശ്രീയെയും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളെയും ഉപയോഗിച്ച് തൊഴില്‍ ഉണ്ടാക്കിക്കൊടുക്കാമെന്ന വാഗ്ദാനമാണ് തോമസ് ഐസക് നടത്തിയിരിക്കുന്നത്. അതിന് വേണ്ടി വീടുകളില്‍ എത്തിച്ചിരിക്കുന്ന അപേക്ഷാ ഫോമും സര്‍ക്കാര്‍ അച്ചടിച്ചതാണെന്നും സതീശൻ ആരോപിച്ചു.
നാട്ടുകാരുടെ പണം എടുത്ത് തിരഞ്ഞെടുപ്പ് പ്രചരണം നടത്താന്‍ ഈ സര്‍ക്കാരിന് നാണമില്ലേ? ബി.ജെ.പിയും എല്‍.ഡി.എഫും തുടര്‍ച്ചയായി തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കുകയാണ്. സ്വന്തം പ്രസംഗം തെരഞ്ഞെടുപ്പ് കാലത്ത് വീടുകളില്‍ എത്തിക്കണമെങ്കില്‍ എ.കെ.ജി സെന്ററിലെ പണം ഉപയോഗിക്കണം. അല്ലാതെ ഖജനാവിലെ പണമല്ല ഉപയോഗിക്കേണ്ടത്. നമ്മുടെ കാശ് കട്ടെടുത്ത് പ്രിന്റ് ചെയ്തതാണെന്ന് ഞങ്ങള്‍ എല്ലാ വീടുകളിലും പോയി പറയും.