വിഴിഞ്ഞം തുറമുഖം: അദാനി ഗ്രൂപ്പിന് 100 കോടി രൂപ നല്‍കി സര്‍ക്കാര്‍

news image
Mar 31, 2023, 3:33 pm GMT+0000 payyolionline.in

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനായി അദാനി ഗ്രൂപ്പിന് സര്‍ക്കാര്‍ 100 കോടി രൂപ നല്‍കി. കേരള ഫിനാൻഷ്യൽ കോർപറേഷനിൽനിന്ന് (കെഎഫ്സി) വായ്പയെടുത്താണ് പണം നല്‍കിയത്. പുലിമുട്ട് നിര്‍മാണത്തിന് സര്‍ക്കാര്‍ നല്‍കേണ്ട 347.5 കോടിയുടെ വിഹിതമാണിത്. ബാക്കി തുക വായ്പയെടുക്കാന്‍ ശ്രമം തുടരുന്നു.

കെഎഫ്സിയിൽനിന്ന് 9.28 ശതമാനം പലിശയ്ക്കാണ് സർക്കാർ നൂറു കോടി രൂപ എടുത്തിരിക്കുന്നത്. വൈകിട്ടോടെയാണ് ഈ തുക കൈമാറിയത്. പുലിമുട്ടിന്റെ 30 ശതമാനം പണി പൂർത്തിയായ സാഹചര്യത്തിലാണ് സർക്കാർ നൽകേണ്ട വിഹിതത്തിന്റെ 25 ശതമാനം നൽകണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് കത്തയച്ചത്. കത്ത് അയച്ചിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടി ഇല്ലാത്തതിനാൽ അത് ഓർമിപ്പിക്കുന്നതിനായി അദാനി ഗ്രൂപ്പ് ഒരു കത്തു കൂടി അയച്ചിരുന്നു.

മാർച്ച് 12ന് ഈ തുക കുടിശികയായി. ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിനു മുൻപ് അതിൽ ഒരു ഗഡുവെങ്കിലും അദാനി ഗ്രൂപ്പിന് നൽകണമെന്നത് തുറമുഖ വകുപ്പ് തീരുമാനിക്കുകയായിരുന്നു. ഇല്ലെങ്കിൽ അവർ കേസിന് പോകുന്ന സാധ്യത മുന്നിൽ കണ്ടുകൊണ്ടാണ് ആ ഗഡു എന്ന നിലയിലാണ് 100 കോടി രൂപ ഇപ്പോൾ കൈമാറുന്നത്. ഇതിൽ ബാക്കിയുള്ള 247.5 കോടി രൂപ കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe