വിവാദ ചുമ മരുന്നുകൾ ഇന്ത്യയിൽ വിതരണം ചെയ്തിട്ടില്ലെന്നു കേന്ദ്രം

news image
Oct 7, 2022, 4:33 am GMT+0000 payyolionline.in

ന്യൂഡൽഹി :  പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിനിടയാക്കിയതെന്നു സംശയിക്കുന്ന കമ്പനിയുടെ മരുന്നുകൾ ഇന്ത്യയിൽ ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. അതേസമയം, സാംപിളുകൾ ഇന്ത്യയിലും പരിശോധനയ്ക്ക് വിധേയമാക്കും. ലോകാരോഗ്യ സംഘടന നടത്തിയ പരിശോധനാ ഫലവും സർക്കാർ ശേഖരിക്കുന്നുണ്ട്. ഇതിനിടെ, കുട്ടികളുടെ അസ്വാഭാവിക മരണത്തിന്റെ പശ്ചാത്തലത്തിൽ ഗാംബിയ ഈ മരുന്നുകളുടെ ഉപയോഗം തടയുന്നതിനു വീടുതോറും പ്രചാരണം തുടങ്ങി. മരുന്നിനു വിലക്കേർപ്പെടുത്തിയതിനു പിന്നാലെ മറ്റു രാജ്യങ്ങളിൽ ജാഗ്രതാ നിർദേശവുമുണ്ട്.

 

അലർജി, ശ്വാസതടസ്സം, മൂക്കടപ്പ് എന്നിവയ്ക്കു നൽകുന്ന പ്രോമെഥസീൻ ഓറൽ സൊല്യൂഷൻ, കൊഫെക്സനാലിൻ, മകോഫ് കഫ് സിറപ്പ്, ജലദോഷത്തിനു നൽകുന്ന മഗ്രിപ് എന്നിവയാണ് ആശങ്ക ഉയർത്തുന്ന മരുന്നുകൾ. ഹരിയാനയിലെ സോനിപ്പത്ത് ആസ്ഥാനമായ ‘മെയ്ഡൻ ഫാ‍ർമസ്യൂട്ടിക്കൽസ്’ ആണ് ഉൽപാദകർ. ഇന്ത്യയിൽ ഉൽപാദിപ്പിക്കാമെങ്കിലും കയറ്റുമതിക്കു മാത്രമാണ് അനുമതി നൽകിയിട്ടുള്ളതെന്നു ഹരിയാന ഡ്രഗ്സ് കൺട്രോളർ അറിയിച്ചു. ഇവരുടെ മരുന്നുകൾ കയറ്റുമതി ചെയ്ത ഏക രാജ്യമാണു ഗാംബിയ.

ഗാംബിയയിലെ സംഭവത്തിൽ ഇന്ത്യൻ കമ്പനിയുടെ പങ്ക് വ്യക്തമായതോടെയാണ് വിഷയത്തിൽ ലോകാരോഗ്യ സംഘടന ഇടപെട്ടത്. ലോകാരോഗ്യ സംഘടന നടത്തിയ പരിശോധനയിലെ 23 സാംപിളുകളിൽ, 4 എണ്ണത്തിൽ വിഷവസ്തുവായ എഥലീൻ ഗ്ലൈക്കോളിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. മരുന്ന് ഇറക്കുമതി ചെയ്യുന്ന രാജ്യം അതിന്റെ ഗുണനിലവാരം പരിശോധിക്കണമായിരുന്നു എന്ന് ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe