ഫറോക്ക്: കോഴിക്കോട് ഫറോക്ക് മുന്‍സിപ്പാലിറ്റി ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ ഡയാലിസിസ് പതിവായി മുടങ്ങുന്നതിനാൽ രോഗികള്‍ വലയുന്നു. ആശുപത്രിയുടെ നവീകരണ പ്രവർത്തനങ്ങൾക്കിടയിലെ വൈദ്യുതി നിയന്ത്രണമാണ് ഡയാലിസിസ് മുടങ്ങാന്‍ കാരണം. ഇതോടെ കിടപ്പു രോഗികള്‍ ഉള്‍പ്പെടെയുള്ളവർ ദുരിതത്തിലാണ്. ആശുപത്രിയിലെ പഴയകെട്ടിടം പൊളിച്ച് പുതിയതിന്‍റെ നിര്‍മ്മാണം തുടങ്ങിയതോടെയാണ് രോഗികള്‍ ദുരിതത്തിലായത്.
വെള്ളവും വെളിച്ചവും മിക്ക ദിവസങ്ങളിലും ഇല്ല. ഉണ്ടെങ്കില്‍ തന്നെ ഇടവിട്ട് മാത്രമാണ് ലഭ്യത. അതിനാല്‍ ഡയാലിസിസ് മിക്ക ദിവസങ്ങളിലും മുടങ്ങുകയോ വൈകുകയോ ചെയ്യുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഡയാലിസിസ് സെന്‍ററിലേക്കുള്ള വഴിയില്‍ കെട്ടിടാവശിഷ്ടങ്ങള്‍ കൂട്ടിയിടുന്നതും പരസഹായത്തോടെ ആശുപത്രിയിലെത്തുന്ന രോഗികളെ ഉള്‍പ്പെടെയുള്ളവരെ ദുരിതത്തിലാക്കുകയാണ്. ആശുപത്രിയിലെ ജനറേറ്റര്‍ കേടായിട്ട് കുറച്ച് നാളായി. ഇതിന്‍റെ അറ്റകുറ്റപണിയും വൈകുകയാണ്.
തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് ഇവിടെ ഡയാലിസിസ് ഉള്ളത്. മിക്കവരും വര്‍ഷങ്ങളായി ഇവിടെ എത്തി ഡയാലിസിസ് ചെയ്യുന്നവരാണ്. കൂടുതല്‍ ഡയാലിസിസ് രോഗികള്‍ ഉണ്ടായിട്ടും ഒരു നെഫ്രോളജി വിദ്ഗ്ദന്‍ ഈ ആശുപത്രിയില്‍ സേവനത്തിനില്ല. നവീകരണ പ്രവര്‍ത്തനത്തിനിടെയാണ് ജനറേറ്റര്‍ പ്രവര്‍ത്തന രഹിതമായത്. അത് ഉടന്‍ പരിഹരിച്ചാല്‍ പ്രശ്നങ്ങള്‍ തീരും എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.