വോട്ടർമാരുടെ വിവരം ചോർത്തൽ: ചോദ്യമുനമ്പിൽ ഐ.എ.എസ് ഉദ്യോഗസ്ഥർ

news image
Dec 5, 2022, 4:18 am GMT+0000 payyolionline.in

ബംഗളൂരു: സ്വകാര്യ സ്ഥാപനമായ ‘ഷിലുമെ’ വോട്ടർമാരുടെ വ്യക്തിവിവരങ്ങൾ ചോർത്തിയ സംഭവത്തിൽ ഐ.എ.എസ് ഉദ്യോഗസ്ഥരെ ഹളസുരുഗട്ടെ പൊലീസ് ചോദ്യം ചെയ്തു. ബി.ബി.എം.പി സ്പെഷൽ കമീഷണർ രംഗപ്പ, ബംഗളൂരു അർബൻ ഡെപ്യൂട്ടി കമീഷണർ ശ്രീനിവാസ എന്നിവരെയാണ് ചോദ്യം ചെയ്തത്. ക്രമക്കേട് പുറത്തുവന്നതിനെ തുടർന്ന് ഇവരെ സസ്പെൻഡ് ചെയ്തിരുന്നു.

ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇവർക്ക് നേരത്തെ പൊലീസ് നോട്ടീസ് നൽകിയിരുന്നു. വിവരങ്ങൾ കൈമാറാൻ സമയം വേണമെന്ന് ഇവർ അറിയിച്ചു. അതേസമയം, ബുധനാഴ്ച വീണ്ടും ചോദ്യംചെയ്യാൻ നോട്ടീസ് അയച്ചിട്ടുണ്ട്.നിയമസഭ തെരഞ്ഞെടുപ്പിന് ആറു മാസം മാത്രം ശേഷിക്കവെയാണ് കർണാടകയിൽ തെരഞ്ഞെടുപ്പ് ഡേറ്റ ക്രമക്കേട് നടന്നത്.

തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്‍റെ മറവിൽ സ്വകാര്യഏജൻസിക്ക് വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കാൻ ബി.ജെ.പി സർക്കാറിന്‍റെ കീഴിലുള്ള ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) അനുമതി നൽകുകയായിരുന്നു. ഒമ്പത് ജില്ലകൾ വരുന്ന മുനിസിപ്പൽ കോർപറേഷനായ ബി.ബി.എം.പി സ്വകാര്യ സ്ഥാപനമായ ഷിലുമെ എജുക്കേഷനൽ ആൻഡ് റൂറൽ ഡെവലപ്മെന്‍റ് ട്രസ്റ്റിനാണ് അനുമതി നൽകിയത്.

എന്നാൽ ഇവർ നൂറുകണക്കിന് ആളുകളെ ഏർപ്പാടാക്കി ചട്ടവിരുദ്ധമായി ബൂത്ത് ലെവൽ ഓഫിസർമാർ (ബി.എൽ.ഒ) ചമഞ്ഞ് വീടുകൾ കയറിയിറങ്ങി പൗരന്മാരുടെ ജാതി, വിദ്യാഭ്യാസം, മാതൃഭാഷ, ആധാർ നമ്പർ, മൊബൈൽ നമ്പർ, ഇ- മെയിൽ തുടങ്ങിയ വിവരങ്ങൾ ശേഖരിച്ചു.

ബി.എൽ.ഒമാരുടെ തിരിച്ചറിയൽ കാർഡുകളും ഉപയോഗിച്ചു. ഏറെക്കാലമായി താമസമില്ലാത്ത 18,000 ബി.ജെ.പി പ്രവർത്തകർക്ക് ഇതിന്‍റെ ഭാഗമായി തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നൽകിയെന്നും ബി.ജെ.പിയെ പിന്തുണക്കാത്ത പട്ടികജാതി-വർഗ, ന്യൂനപക്ഷ വിഭാഗങ്ങളെ വോട്ടർപട്ടികയിൽ നിന്ന് പുറത്താക്കിയെന്നും ആരോപണമുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe