ശബരിമല തീർത്ഥാടക ബസ് അപകടം: വാഹനത്തിന് സാങ്കേതിക പ്രശ്നങ്ങളില്ല, അപകടം അമിത വേഗത മൂലമെന്ന് സംശയം

news image
Mar 28, 2023, 11:46 am GMT+0000 payyolionline.in

പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചാരിച്ച ബസ് മറിഞ്ഞ സംഭവത്തിന് കാരണമായത് അമിത വേഗതയെന്ന് സംശയം. വേഗത്തിൽ വന്ന ബസ് വളവിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞതാകാം എന്നാണ് വിലയിരുത്തൽ. ബസിന് സാങ്കേതിക പ്രശ്നങ്ങളൊന്നും കണ്ടെത്താൻ പ്രാഥമിക പരിശോധനയിൽ കഴിഞ്ഞില്ല. അതേസമയം പരിക്കേറ്റവരെ കോട്ടയത്തും പത്തനംതിട്ടയിലുമായി ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ഇലവുങ്കൽ നിന്ന് കണമല പൊകുന്ന വഴി നാറാണൻ തോടിന് സമീപമാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 1.20 ഓടെയാണ് സംഭവം നടന്നത്. അപകട സമയത്ത് ബസിൽ 64 മുതിർന്നവരും എട്ട് കുട്ടികളുമടക്കം 72 പേരാണ് ഉണ്ടായിരുന്നത്. തമിഴ്നാട്ടിലെ മയിലാട്‌തുറയിൽ നിന്നുള്ള അയ്യപ്പ ഭക്തർ ശബരിമല ദർശനം കഴിഞ്ഞ് തിരികെ നാട്ടിലേക്ക് പോകും വഴിയാണ് അപകടത്തിൽ പെട്ടത്.

അപകടത്തിൽ സാരമായി പരിക്കേറ്റ 10 പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 18 പേരെ നിലയ്ക്കലിലെ ആശുപത്രിയിലാക്കി. മറ്റുള്ളവർ പത്തനംതിട്ട ജനറൽ ആശുപത്രിയിലും സമീപത്തെ മറ്റ് ആശുപത്രികളിലും ചികിത്സയിലാണ്. അപകട വിവരമറിഞ്ഞ് മന്ത്രി പി പ്രസാദ് സ്ഥലത്തെത്തി. വാഹനത്തിന്റെ പെർമിറ്റ്‌ ഇൻഷുറൻസ് ഫിറ്റ്നസ് എല്ലാം കൃത്യമായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ബസിന്റെ ഡ്രൈവറാണ് ഇതെന്നാണ് സംശയം. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ കോന്നി മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘത്തോട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്താൻ മന്ത്രി നിർദ്ദേശിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe