‘ശമ്പളം നൽകാന്‍ കഴിയാത്തത് മാനേജ്മെന്‍റിന്‍റെ കെടുകാര്യസ്ഥത’; കെഎസ്ആര്‍ടിസിയെ മൂന്നായി വിഭജിക്കുമെന്ന് പിണറായി

news image
Sep 14, 2022, 4:11 am GMT+0000 payyolionline.in

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സർക്കാർ സഹായിച്ചിട്ടും ശമ്പളം പോലും നൽകാനാവാത്തത് കെഎസ്ആര്‍ടിസി മാനേജ്മെന്‍റിന്‍റെ കെടുകാര്യസ്ഥതയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സത്യങ്ങൾ മറച്ചുവച്ചാണ് ചില സംഘടനകളുടെ പ്രചാരണമെന്നും അദ്ദേഹം വിമര്‍ശിച്ചു. കെഎസ്ആര്‍ടിസിയെ സ്വയംഭരണാധികാരമുള്ള മൂന്ന് ലാഭകേന്ദ്രങ്ങളായി വിഭജിക്കുമെന്നും സിംഗിൾ ഡ്യൂട്ടിയിൽ വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

2011-2022 കാലയളവില്‍ മാത്രം 2076 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കിയത്. എന്നാല്‍, ജീവനക്കാര്‍ക്ക് ശമ്പളം പോലും നൽകാനാവാത്തത് കെഎസ്ആര്‍ടിസി മാനേജ്മെന്‍റിന്‍റെ കെടുകാര്യസ്ഥതയെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കെഎസ്ആര്‍ടിസിയെ പൊതുമേഖലയില്‍ നിലനിര്‍ത്തുകയാണ് ലക്ഷ്യം. എന്നാല്‍ ഇത് അത്ര എളുപ്പമല്ലെന്നും മുഖ്യമന്ത്രി പറയുന്നു. കോര്‍പ്പറേഷനെ സ്വയം ഭരണാധികാരമുള്ള മൂന്ന് ലാഭ കേന്ദ്രങ്ങളായി വിഭജിക്കുമെന്നും ഡ്യൂട്ടി പാറ്റേണിലെ മാറ്റങ്ങളില്‍ ഉള്‍പ്പെടെ ജീവനക്കാര്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മാനേജ്മെന്‍റ് തലത്തില്‍ ഉദ്യോഗസ്ഥര്‍ കര്‍ശന നിലപാട് സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ച മുഖ്യമന്ത്രി, കെഎസ്ആര്‍ടിസിയുടെ വിശ്വാസ്യത കൂട്ടാന്‍ ബോര്‍ഡ് ഉണ്ടാക്കുമെന്നും അറിയിച്ചു. ചിന്ത വാരികയിലെ ലേഖനത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe