തിരുവനന്തപുരം: മറുനാടൻ മലയാളി ഓൺലൈനിന്റെ എഡിറ്റർ ഷാജൻ സ്‌കറിയക്കായി സംസ്ഥാനമൊട്ടാകെ തെരച്ചിൽ ശക്തമാക്കിപൊലീസ്. വിവിധ സ്ഥലങ്ങളിലുള്ള സ്ഥാപനത്തിലെ ജീവനക്കാരുടെ വീടുകളിലിൽ പൊലീസ് പരിശോധന നടത്തി. ഒരു ജീവനക്കാരനെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയതിന് പിന്നാലെ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.
വ്യാജവാര്‍ത്ത നല്‍കി തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന പി.വി. ശ്രീനിജിന്‍ എം.എല്‍.എയുടെ പരാതിയില്‍ പട്ടികജാതി അതിക്രമം തടയല്‍, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരം എളമക്കര പൊലീസ് ഷാജനെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ഒളിവില്‍പ്പോയ ഷാജന്‍ സ്‌കറിയ മുന്‍കൂര്‍ ജാമ്യം തേടി ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
തിരുവനന്തപുരത്തെ ഓഫീസിൽ ഏതാണ്ട് ഒരാഴ്ച മുമ്പ് പരിശോധന നടത്തിയ പൊലീസ് ഹാർഡ് ഡിസ്‌കുകളടക്കം പിടിച്ചെടുത്തിരുന്നു. ഷാജൻ വിദേശത്തേക്ക് കടക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ലുക്ക് ഔട്ട് നോട്ടീസും പൊലീസ് പുറത്തിറക്കി. തിരുവനന്തപുരത്തെ ഓഫീസിൽ നിന്നും പിടിച്ചെടുത്ത ഹാർഡ് ഡിസ്‌ക് വിശദമായി പരിശോധിക്കാനാണ് പൊലീസിന്‍റെ തീരുമാനം.