സംസ്ഥാന ബജറ്റ്; കൊയിലാണ്ടിക്ക് 20 കോടിയുടെ പദ്ധതി

news image
Feb 3, 2023, 1:01 pm GMT+0000 payyolionline.in
കൊയിലാണ്ടി:  രണ്ടാം ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ 2023-2024 വര്‍ഷത്തെ ബജറ്റില്‍ കൊയിലാണ്ടിയിലേക്ക് 5 പദ്ധതികളിലായി 20 കോടി രൂപ അനുവദിച്ചു. വൈദേശികാധിപത്യത്തിന്റെ ചരിത്രമുറങ്ങുന്ന കാപ്പാടില്‍ ചരിത്ര സ്മാരകം നിര്‍മ്മിക്കാന്‍ 10 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. നിലവില്‍ ബ്ലു ഫ്ലാഗ് പദവി ലഭിച്ചിട്ടുള്ള കാപ്പാട് തീരദേശഹൈവേ നിര്‍മ്മാണവും ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള ചരിത്രസ്മാരകവും പൂര്‍ത്തിയാവുന്നതോട് കൂടി ടൂറിസം രംഗത്ത് വന്‍ വളര്‍ച്ചയാണ് കാപ്പാട് തീരത്ത് ഉണ്ടാവാന്‍ പോകുന്നത്.
മറ്റൊന്ന് പന്തലായനി ഗവ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ അനുവദിച്ചിട്ടുള്ള 3.5 കോടി രൂപയാണ്. ഇവിടെ നിലവിലുള്ള ഹയര്‍സെക്കണ്ടറി കെട്ടിടം കാലപ്പഴക്കം കാരണം ശോചനീയാവസ്ഥയിലാണ്. ആ സ്ഥാനത്ത് പുതിയ കെട്ടിടം ഉടന്‍ തന്നെ യാഥാര്‍ത്ഥ്യമാക്കുവാന്‍ കഴിയും.
മറ്റൊന്ന് പയ്യോളി നഗരസഭാ പരിധിയിലെ പ്രധാന സര്‍ക്കാര്‍ വിദ്യാലയമായ കീഴൂര്‍ ഗവ.യു.പി സ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ 2.5 കോടിയും മൂടാടി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ 2.5 കോടിയും അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ബജറ്റില്‍ ടോക്കണ്‍ വെച്ചിട്ടുള്ള പ്രവര്‍ത്തിയാണിത് രണ്ടും.
ഒപ്പം ഏഴുകുടിക്കല്‍ ഗവ.എല്‍.പി സ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ 1.5 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
ഇത് കൂടാതെ മറ്റ് 13 പ്രവര്‍ത്തികള്‍ക്ക് ടോക്കണ്‍ തുക നല്‍കികൊണ്ട് ബജറ്റില്‍ പരാമര്‍ശമുണ്ടാവുകയും ചെയ്തിട്ടുണ്ട്. കൊയിലാണ്ടി ഫയര്‍ സ്റ്റേഷന് 3 കോടി , കാപ്പാട്-തുഷാരിഗിരി റോഡ് നവീകരണത്തിന് 1 കോടി, കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിക്ക് പുതിയ കെട്ടിടം 3 കോടി, കോരപ്പുഴ – കാപ്പാട് – പാറപ്പള്ളി – ഉരുപുണ്യകാവ് – തിക്കോടി ഡ്രൈവ് ഇന്‍ ബീച്ച് – മിനിഗോവ – സാന്‍ഡ് ബാങ്ക്സ് ടൂറിസം കോറിഡോര്‍ 1 കോടി , ചെങ്ങോട്ടുകാവ് – ഉള്ളൂര്‍കടവ് റോഡ് വീതികൂട്ടല്‍ പ്രവര്‍ത്തിക്ക് 6.5 കോടി , പന്തലായനി കോട്ടക്കുന്നില്‍ കാലടി സര്‍വകലാശാലയുടെ ഭാഗമായി ഉന്നത വിദ്യഭ്യാസ മികവിന്റെ കേന്ദ്രം 1 കോടി, ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍നായര്‍ സ്മാരക സൗത്ത് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ 5 കോടി , അകലാപ്പുഴ ടൂറിസം പദ്ധതി 1 കോടി, കൊയിലാണ്ടി ഷീ ഹോസ്റ്റല്‍ 2 കോടി , കൊയിലാണ്ടി നഗരസഭയിലെ വലിയമലയില്‍ വെറ്റിനറി സര്‍വകലാശാലയുടെ ഉപകേന്ദ്രം 1 കോടി, വന്മുഖം – കീഴൂര്‍ റോഡ് 1 കോടി, അകലാപ്പുഴ – നെല്ല്യാടി പുഴയോര ടൂറിസം പദ്ധതി 5 കോടി എന്നീ പദ്ധതികളാണ് ബജറ്റില്‍ പരാമര്‍ശിച്ചിട്ടുള്ളത്.
ഈ പദ്ധതികളെ തുടര്‍വര്‍ഷങ്ങളില്‍ ഭരണാനുമതിക്കായി പരിശ്രമിക്കാന്‍ ഈ പരാമര്‍ശങ്ങള്‍ സഹായകമാവും. ഏതായാലും 20 കോടി അനുവദിച്ച കാപ്പാട് ചരിത്രമ്യൂസിയം , പന്തലായനി ഗവ.ഹയര്‍സെക്കണ്ടറി സ്കൂള്‍  , കീഴൂര്‍ ഗവ.യു.പി സ്കൂള്‍ , ഏഴുകുടിക്കല്‍ ഗവ.എല്‍.പി സ്കൂള്‍ , മൂടാടി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe