സാബു എം. ജേക്കബിനെ ചോദ്യംചെയ്യാമെന്ന് ഹൈക്കോടതി; എംഎൽഎയ്ക്ക് നോട്ടിസ്

news image
Dec 14, 2022, 7:26 am GMT+0000 payyolionline.in

കൊച്ചി ∙ കുന്നത്തുനാട് എംഎൽഎ പി.വി. ശ്രീനിജിൻ നൽകിയ പരാതിയിൽ ട്വന്റി20 ചീഫ് കോഓർഡിനേറ്റർ സാബു എം. ജേക്കബിനെ ചോദ്യംചെയ്യാൻ ഹൈക്കോടതി അനുമതി. എന്നാൽ അറസ്റ്റ് ചെയ്യുന്നതു തടഞ്ഞിട്ടുണ്ട്. ചോദ്യംചെയ്യലിന്റെ പേരിൽ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്നും വ്യക്തമാക്കി. സാബു ജേക്കബിന്റെ ഹർജിയിൽ എംഎൽഎയ്ക്ക് ഹൈക്കോടതി നോട്ടിസ് അയച്ചു.

കുറ്റകൃത്യം കണ്ടെത്തിയാലും മാനസിക പീഡനം ഏൽപിക്കുകയോ അറസ്റ്റിലേക്കു കടക്കുകയോ ചെയ്യരുത്. കേസ് ക്രിസ്മസ് അവധിക്കുശേഷം പരിഗണിക്കുന്നതിനു മാറ്റിവച്ചു. അതുവരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. ബഹിഷ്കരണം പ്രതിഷേധ മാർഗമെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി ഫയലിൽ സ്വീകരിച്ചത്.

‌അതേസമയം സാബുവിന്റെ അറസ്റ്റു തടഞ്ഞുള്ള ഇടക്കാല ഉത്തരവു പുറപ്പെടുവിക്കുന്നതിനെ സർക്കാർ ഹൈക്കോടതിയിൽ എതിർത്തു. ബഹിഷ്കരണം ഒരു തരത്തിൽ അപമാനിക്കൽ തന്നെയാണ് എന്നാണു സർക്കാർ ഉയർത്തിയ വാദം. പ്രതികളെ അറസ്റ്റ് ചെയ്യാൻ കാരണമുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഇപ്പോൾ പറയാനാവില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനാണു തീരുമാനിക്കുന്നത് എന്നുമായിരുന്നു സർക്കാരിന്റെ മറുപടി. അതേസമയം, എംഎൽഎയെ ജാതിയമായി അധിക്ഷേപിച്ചിട്ടില്ലെന്നു സാബു എം. ജേക്കബ് കോടതിയിൽ വാദിച്ചു. പഞ്ചായത്ത് അംഗങ്ങളുമായി ചേർന്നു ഗൂഢാലോചന നടത്തിയിട്ടില്ല. കർഷക ദിനാചരണത്തിനു സംഭവസ്ഥലത്തു ഉണ്ടായിരുന്നില്ലെന്നും സാബു കോടതിയെ ബോധിപ്പിച്ചു.

ശ്രീനിജിന്റെ പരാതിയിൽ പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് സാബു എം.ജേക്കബ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിക്കുന്നതിൽനിന്നു കഴിഞ്ഞ ദിവസം ജസ്റ്റിസ് ബദറുദ്ദീൻ പിന്മാറിയിരുന്നു. തുടർന്നു ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഹർജി പരിഗണിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe