സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ പരാതി; ശ്രീനാദേവി കുഞ്ഞമ്മയുടെ ഫ്ലെക്സ് ബോർഡുകൾ നശിപ്പിച്ചു

news image
Jan 6, 2023, 8:27 am GMT+0000 payyolionline.in

പത്തനംതിട്ട∙ സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ പരാതി നൽകിയതിന്റെ പേരിൽ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ ഫ്ലെക്സ് ബോർഡുകൾ പന്തളം തെക്കേക്കരയിൽ വ്യാപകമായി നശിപ്പിച്ചു. വികസന േനട്ടങ്ങൾ നിരത്തി സ്ഥാപിച്ച ഫ്ലെക്സിലെ ശ്രീനാദേവിയുടെ തലയാണു വെട്ടിമാറ്റിയിരിക്കുന്നത്. ജില്ലാ സെക്രട്ടറിയുടെ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടു ശ്രീനാദേവി കുഞ്ഞമ്മ പാർട്ടിയിൽ പരാതി നൽകിയിരുന്നു.

കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന നിർവാഹക സമിതി യോഗത്തിൽ ആരോപണം അന്വേഷിക്കാൻ ഏകാംഗ കമ്മിഷനെ നിയോഗിച്ചതിനെ തുടർന്നു പാർട്ടിയിൽ വിവാദം പുകയുന്നതിനിടയിലാണു ഫ്ലെക്സ് നശിപ്പിച്ച സംഭവം. ഫെയ്സ്ബുക്കിലും ശ്രീനാദേവിയെ അധിക്ഷേപിച്ചു കൊണ്ടു പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജില്ലാ കമ്മിയംഗം ഉൾപ്പെടെയുള്ളവർ എ.പി.ജയനെ അനുകൂലിച്ചും രംഗത്തു വന്നിട്ടുണ്ട്.

അതേസമയം, നിയമ വ്യവസ്ഥകളെ കാറ്റിൽ പറത്തി ഭരണപക്ഷത്തെ ചിലർ നടത്തുന്ന സ്വത്ത് സമ്പാദനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ ഉയർന്നിരിക്കുന്നതെന്നു യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രസ്താനവനയിൽ പറഞ്ഞു. മൃഗ സംരക്ഷണ വകുപ്പ് കൈകാര്യം ചെയ്യുന്ന പാർട്ടിയുടെ ജില്ലയിലെ നേതാവ് മറ്റു വഴികൾ തേടി 6 കോടിയോളം രൂപയുടെ അഴിമതിക്കാണ് നേതൃത്വം നൽകിയിരിക്കുന്നതെന്നു സംഘടന  ആരോപിച്ചു. പാർട്ടി അന്വേഷണമല്ല ഇതിന് പരിഹാരമെന്നും വിജിലൻസ് ഉൾപ്പെടയുള്ള സമഗ്ര അന്വേഷണത്തിന് ധാർമികത ഉണ്ടെങ്കിൽ സിപിഐ നേതൃത്വം തയാറാകണമെന്നും നേതാക്കൾ പറഞ്ഞു.

ജില്ലയിൽ ഉടനീളം ഭൂ-നികത്തൽ മാഫിയ പ്രവർത്തനങ്ങൾ റവന്യു വകുപ്പ് കൈകാര്യം ചെയ്യുന്ന ജില്ലാ സെക്രട്ടറിയുടെ ഒത്താശയോടെയാണു നടക്കുന്നതെന്നു യൂത്ത് കോൺഗ്രസ് ആരോപിച്ചു. ചക്കളത്തി പോരാട്ടത്തിന്റെ ഭാഗമായി പുറത്തു വന്ന അഴിമതി കഥകൾ പൊതുസമൂഹത്തിൽ വ്യക്തമാക്കുവാൻ പരാതി നൽകിയവർക്കും ഉത്തരവാദിത്തമുണ്ട്. വിജിലൻസ്, ലോകയുക്ത ഉൾപ്പെടയുള്ള അന്വേഷണം ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് പരാതി നൽകുമെന്നു ജില്ലാ പ്രസിഡന്റ്  എം.ജി.കണ്ണൻ വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe