സ്പീഡ് ഗവർണർ ഇല്ല, അനധികൃത ലൈറ്റ്; അപകടകരമായി സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ കേസ്

news image
Oct 7, 2022, 3:03 am GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കോൺട്രാക്ട് ക്യാരിയേജ് വാഹനങ്ങളിൽ കർശന പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്. മനുഷ്യജീവന് അപകടകരമായ രീതിയിൽ സർവീസ് നടത്തുന്നു എന്ന പരാതികളുടെയും കഴിഞ്ഞദിവസം പാലക്കാട് ഉണ്ടായ ദാരുണമായ അപകടത്തിന്റെയും പശ്ചാത്തലത്തിലാണ് ജില്ലയിലെ മോട്ടോർ വാഹന വകുപ്പ് കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർടിഒയുടെ നേതൃത്വത്തിൽ വാഹനങ്ങളില്‍ കർശന പരിശോധന നടത്തുകയും പതിനെട്ടോളം വാഹനങ്ങൾക്കെതിരെ കേസെടുക്കുകയും ചെയതത്.

 

കർശന പരിശോധനയുടെ അടിസ്ഥാനത്തിൽ സ്പീഡ് ഗവർണർ അഴിച്ചിട്ടിരിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കുന്നതിനും ശുപാർശ ചെയ്തിട്ടുണ്ട്. മാത്രമല്ല പല വാഹനങ്ങളിലും അനധികൃത ലൈറ്റ്, അധിക ലൈറ്റ്, ആരോചക ശബ്ദം പുറപ്പെടുവിക്കുന്ന മ്യൂസിക് സിസ്റ്റം, കേൾവി ശക്തിയെ ബാധിക്കുന്ന നിരോധിത എയർഹോണുകൾ എന്നിവ പിടിപ്പിച്ചിരിക്കുന്നതായി കണ്ടെത്തുകയും  വാഹനങ്ങൾക്കെതിരെ കേസെടുക്കുകയും കരിമ്പട്ടികയില്‍ പെടുത്തുകയും ചെയതു.

ഈ വാഹനങ്ങളുടെ പെർമിറ്റ്/ ആർ സി റദ്ദാക്കുന്നത്,  ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് അടക്കമുള്ള തുടർനടപടികളിലേക്ക് പോകുവാൻ തീരുമാനിച്ചിട്ടുണ്ട്. സ്പീഡ് ഗവര്‍ണര്‍ വിച്ഛേദിച്ച് സർവീസ് നടത്തുന്ന വാഹനങ്ങള്‍ ആർ ടി ഒ. ഓട്ടോമേറ്റഡ് ടെസ്റ്റിങ് സെന്ററില്‍ വച്ച് പരിശോധിക്കാനും വാഹനത്തിന്റെ ഫിറ്റ്നസ് റദ്ദ് ചെയ്യാനും തീരുമാനിച്ചു.

കഴിഞ്ഞ മാസം നഗരത്തില്‍ മത്സരിച്ച് ഓടിയ സ്വകാര്യ ബസ്സുകൾക് എതിരെ ഇത്തരത്തില്‍ നടപടി എടുക്കുകയും ഡ്രൈവര്‍മാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. പരിശോധനയില്‍ 128000 രൂപ പിഴയും ചുമത്തി.  എൻഫോഴ്‌സ്‌മെന്റ് ആർ ടി ഒ. ബിജു മോന്‍ കെയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ മോട്ടോര്‍ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ധനേഷ് കെ എം, സുധീഷ് പി ജി, അഷ്‌റഫ് പി എം    എന്നിവരും അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിൾ ഇൻസ്‌പെക്ടർമാരും പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe