സ്വകാര്യ ഭൂമിയിൽ മൊബൈൽ ടവർ നിര്‍മ്മിക്കാനുള്ള നിയമത്തില്‍ വന്‍ മാറ്റം; കരടില്‍ പറയുന്നത്

news image
Sep 24, 2022, 9:44 am GMT+0000 payyolionline.in

ദില്ലി:  സ്വകാര്യ ഭൂമിയിൽ മൊബൈൽ ടവർ നിര്‍മ്മിക്കാനോ, ടെലികോം ലൈനുകൾ കേബിളുകളോ ഇടാന്‍ ആ സ്ഥലം അനിവാര്യമെന്ന് ബോധ്യപ്പെട്ടാൽ സ്ഥല ഉടമയുടെ അനുവാദം ഇല്ലെങ്കിലും ടെലികോം കമ്പനികൾക്ക് സർക്കാർ അനുമതി നൽകിയേക്കും.

പുതിയ കരട് ടെലികമ്യൂണിക്കേഷൻ ബില്ലില്‍ ഇതിനുള്ള അനുവാദമുണ്ട്. ബില്‍ പൊതുജനാഭിപ്രായം തേടാൻ പ്രസിദ്ധീകരിച്ചു. കേന്ദ്ര സ‍ർക്കാരിന് ടെലികോം രംഗത്ത് കൂടുതല്‍ അധികാരം നല്‍കുന്ന ടെലികമ്യൂണിക്കേഷന്‍ കരട് ബില്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷണവ് കഴിഞ്ഞ ദിവസമാണ് അവതരിപ്പിച്ചത്.

 

ലൈൻ വലിക്കാനും ടവർ സ്ഥാപിക്കാനും അനുമതി തേടി സ്വകാര്യവ്യക്തിക്ക് ടെലികോം കമ്പനി അപേക്ഷ നൽകണം. ലഭിക്കാതെ വന്നാൽ പൊതുതാൽപര്യം കണക്കിലെടുത്ത് സർക്കാരിന് അനുമതി വാങ്ങി നൽകാം. ഇന്ത്യയിലെ 5ജി നെറ്റ്വര്‍ക്ക് വരുന്നതിന് മുന്നോടിയായാണ് നീക്കം.

ഇതിനൊപ്പം തന്നെ വാട്സാപ്പ് , സിഗ്നല്‍ , ടെലിഗ്രാം തുടങ്ങിയ ആപ്പുകളടക്കമുള്ള ടെലികമ്യൂണിക്കേഷന്‍ പരിധിയില്‍ കൊണ്ടു വരുന്നതിന് ശുപാര്‍ശ ചെയ്യുന്നതാണ് ബില്‍. ഇതോടെ വാട്സാപ്പ് ഉള്‍പ്പെടെയുള്ള അപ്പുകള്‍ക്ക് ടെലികോം ലൈസന്‍സ് നിർബന്ധമാകും. ടെലിക്കോം കമ്പനികളോ , ഇന്‍റർനെറ്റ് സേവനദാതാക്കളോ ലൈസൻസ് തിരികെ നല്‍കിയാല്‍ അടച്ച ഫീസ്  നല്‍കുന്നതിനും ബില്ലില്‍ ശുപാര്‍ശയുണ്ട്.

കമ്പനിയില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടായാല്‍ ലൈസൻസ് ഇനത്തിലുള്ള തുക അടക്കുന്നതില്‍ ഇളവ് നല്‍കാൻ സർക്കാരിനാകും. ബില്ലില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബർ ഇരുപത് വരെയാകും പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള അവസരമുണ്ടാകുക. അതായത് 28 ദിവസങ്ങളാകും പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള അവസരമുണ്ടാകുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe