നടി പ്രവീണയുടെ മോര്‍ഫ് ചെയ്ത അശ്ലീലചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു ഭീഷണി; 22 കാരന്‍ അറസ്റ്റില്‍

news image
Nov 30, 2021, 2:38 pm IST payyolionline.in

കോഴിക്കോട് :  നടി പ്രവീണയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി അതിലൂടെ ​മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി ഭാഗ്യരാജ് (22) എന്ന കോളേജ് വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തു. നടി പ്രവീണയുടെയും കുടുംബാംഗങ്ങളുടെയും ഒരുമിച്ചുളള ചിത്രങ്ങള്‍ അശ്ലീലമായി എഡിറ്റ് ചെയ്തതിനെ തുടര്‍ന്നാണ് നടി പോലീസില്‍ പരാതിപ്പെട്ടത്.

 

 

സംഭവത്തെക്കുറിച്ചു നടി പ്രവീണ പറയുന്നത് ഇങ്ങനെ:

സിനിമാമേഖലയില്‍ ഒട്ടേറെ പ്രവര്‍ത്തകര്‍ ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. പലരും പ്രതികരിക്കാറില്ല. എന്നാല്‍ എന്റെ കുടുംബത്തിലെ അംഗങ്ങളുടെ ചിത്രം പോലും ഇയാള്‍ ഉപയോഗിച്ചു. മുന്‍പ് ഈ യുവാവ് എന്റെ പേരില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചിരുന്നു. ആദ്യം നല്ല ചിത്രങ്ങള്‍ പോസ്റ്റു ചെയ്തു പിന്നാലെ ഇതിനെല്ലാം ലൈക്ക് ചെയ്യണം എന്നാവശ്യപ്പെട്ടു എന്നെ ഫോണ്‍ വിളിച്ചു. ഞാന്‍ സമൂഹമാധ്യമങ്ങള്‍ അത്ര സജീവമല്ല. ഇതോടെ ഞാന്‍ ഈ ആവശ്യം അത്രകാര്യമായി എടുത്തില്ല. പിന്നാലെ എന്റെ മുഖം എഡിറ്റ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. സിനിമാ മേഖലയിലെ എന്റെ സുഹൃത്തുകളെ വരെ ടാഗ് ചെയ്തു ചിത്രം പങ്കിട്ടു. ഇതു കണ്ട സുഹൃത്തുക്കളാണ് എന്നെ വിളിച്ചു കാര്യം പറഞ്ഞത്. ഇയാളെ വിളിച്ചു ഇക്കാര്യം ഇനി ആവര്‍ത്തിക്കരുതെന്നു പറഞ്ഞിരുന്നു. എന്നാല്‍ ആ വൈരാഗ്യത്തിലാണ് ഇയാള്‍ വീണ്ടും ചെയ്തത്.

എഡിജിപി മനോജ് എബ്രഹാമിനു പരാതി നല്‍കിയതിനെത്തുടര്‍ന്നു കേസ്സിനു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടാനായത്.

ഇതുപോലെ മാനസീക വൈകല്യമുളളവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണം ഇത്തരം പ്രശ്‌നങ്ങള്‍ ഇനിയും കണ്ടില്ലെന്നു നടിക്കാതെയിരിക്കരുത്. ഇവര്‍ക്ക് ഇതിലൂടെ എന്ത് സന്തോഷമാണ് കിട്ടുന്നതെന്നു മനസ്സിലാകുന്നില്ല എന്ന് പ്രവീണ പ്രതികരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe