4 വർഷ ബിരുദ കോഴ്സുകൾ ഈ വർഷം സംസ്കൃത സർവകലാശാലയിൽ; 30,000 രൂപയുടെ സ്കോളർഷിപ് പദ്ധതി

news image
Mar 2, 2024, 11:29 am GMT+0000 payyolionline.in

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഈ വർഷം മുതൽ നാല് വർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. സംസ്കൃതം വേദാന്തം, സംസ്കൃതം വ്യാകരണം, സംസ്കൃതം ന്യായം, സംസ്കൃതം സാഹിത്യം, സംസ്കൃതം ജനറൽ, മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഹിസ്റ്ററി, ഫിലോസഫി, സോഷ്യൽ വർക്ക്, മോഹിനിയാട്ടം, ഭരതനാട്യം, മ്യൂസിക്, ഫൈൻ ആർട്സ്, തിയറ്റർ, കായികപഠനം, അറബിക്, ഉറുദു, മാനുസ്ക്രിപ്റ്റോളജി, ആയുർവേദം, വേദിക് സ്റ്റഡീസ്, ട്രാൻസ്‍ലേഷൻ സ്റ്റഡീസ്, കംപാരറ്റീവ് ലിറ്ററേച്ചർ, ജോഗ്രഫി, സോഷ്യോളജി, സൈക്കോളജി എന്നീ വിഷയങ്ങളിലാണ് നാല് വർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുക.

മൂന്ന് വർഷം കൊണ്ട് നേടിയെടുക്കാവുന്ന ബിരുദം, നാല് വർഷം കൊണ്ട് നേടിയെടുക്കാവുന്ന ഓണേഴ്സ് ബിരുദം, ഗവേഷണത്തിന് മുൻതൂക്കം നൽകിയുളള ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദം എന്നിങ്ങനെയാണ് നാല് വർഷ ബിരുദ പ്രോഗ്രാം ഡിസൈൻ ചെയ്തിരിക്കുന്നത്. വിദ്യാർത്ഥികളുടെ താല്പര്യത്തിനനുസരിച്ച് വിവിധ വിഷയങ്ങൾ ഒരേ സമയം പഠിക്കുവാനുളള അവസരം നാല് വർഷ ബിരുദ പ്രോഗ്രാമിലൂടെ ലഭിക്കും.

 

കാലടി മുഖ്യ ക്യാമ്പസിന് പുറമെ സർവ്വകലാശാലയുടെ ആറ് പ്രാദേശിക ക്യാമ്പസുകളിലും പഠന സൗകര്യമുണ്ടായിരിക്കും. ശ്രീശങ്കരാചാര്യ സംസ്കൃത സ്കോളർഷിപ്പ്, ശ്രീശങ്കരാചാര്യ മെറിറ്റ് സ്കോളർഷിപ്പ്, ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ആക്സസ് സ്കോളർഷിപ്പ് എന്നിവ ലഭിക്കും. സംസ്കൃതം വിദ്യാർത്ഥികൾക്ക് ആദ്യ രണ്ട് വർഷങ്ങളിൽ പ്രതിമാസം 500/-രൂപ വീതവും മൂന്നും നാലും വർഷങ്ങളിൽ 1000/-രൂപ വീതമായി ആകെ 30,000/- രൂപ സ്കോളർഷിപ്പായി ലഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.

‌സംസ്കൃത സർവ്വകലാശാലഃ ഗവേഷക അദാലത്ത് മാർച്ച് നാലിന്

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ മലയാളം, സംസ്കൃതം വേദാന്തം, ട്രാൻസ്‍ലേഷൻ സ്റ്റഡീസ്, ഭരതനാട്യം, മോഹിനിയാട്ടം, സൈക്കോളജി, ഉറുദു, മ്യൂസിക് എന്നീ ഗവേഷക പഠനവകുപ്പുകളിൽ 2015ന് മുമ്പ് രജിസ്റ്റർ ചെയ്ത ഗവേഷകർക്ക് പ്രബന്ധസമർപ്പണത്തിന് വേണ്ടി മാർച്ച് നാലിന് കാലടി മുഖ്യ ക്യാമ്പസിൽ ഗവേഷക അദാലത്ത് നടത്തുന്നു. നേരത്തേ അപേക്ഷ സമർപ്പിച്ചവർക്ക് അദാലത്തിൽ പങ്കെടുക്കാവുന്നതാണ്. മറ്റ് പഠന വകുപ്പുകളുടെ അദാലത്ത് തീയതി പിന്നീട് അറിയിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe