കറുത്തവര്‍ നൃത്തം പഠിക്കുന്നുണ്ടെങ്കില്‍ ക്ഷേത്രത്തിലോ മറ്റോ അവതരിപ്പിക്കണം – കലാമണ്ഡലം സത്യഭാമ

news image
Mar 21, 2024, 8:36 am GMT+0000 payyolionline.in

തിരുവനന്തപുരം> കറുത്തവര്‍ നൃത്തം പഠിക്കുന്നുണ്ടെങ്കില്‍ ക്ഷേത്രത്തിലോ മറ്റോ അവതരിപ്പിക്കണം, മത്സര വേദികളിലേക്ക് വരരുതെന്ന് കലാമണ്ഡലം സത്യഭാമ. നര്‍ത്തകനും നടനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനുനേരെ അവര്‍ നടത്തിയ അധിക്ഷേപത്തെ കുറിച്ചുള്ള പ്രതികരണത്തിനിടെയാണ് പുതിയ പരാമര്‍ശം.

 


ഞാന്‍ എന്റെ സ്വന്തം അഭിപ്രായമാണ് പറഞ്ഞത്. മോഹിനിയാട്ടം പുരുഷന്‍മാര്‍ അവതരിപ്പിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് സൗന്ദര്യം വേണം. സൗന്ദര്യമില്ലാത്ത, കറുത്തവര്‍ നൃത്തം പഠിക്കുന്നുണ്ടെങ്കില്‍ ക്ഷേത്രത്തിലോ മറ്റോ അവതരിപ്പിക്കണം. കറുത്തവര്‍ മത്സരത്തിന് വരരുത്. മത്സരങ്ങളില്‍ സൗന്ദര്യത്തിന് പ്രത്യേക കോളമുണ്ട്. മേക്കപ്പ് ഇട്ടാണ് ഇപ്പോള്‍ പലരും മത്സരങ്ങള്‍ക്ക് വരുന്നതെന്നും സത്യഭാമ പറഞ്ഞു.

ലിംഗ വ്യത്യാസവും നിറവ്യത്യാസവും മാനദണ്ഡമാക്കുന്നത് ഒരു കലാകാരിക്ക് ചേര്‍ന്നതാണോയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ അവരോട് ചോദിച്ചു. എന്താ ചേരാത്തത്. ഞാന്‍ സൗന്ദര്യത്തെക്കുറിച്ചേ പറഞ്ഞുള്ളൂ. നിങ്ങളുടെ തൊഴില്‍പോലെയല്ല. ഇതിന് അത്യാവശ്യം സൗന്ദര്യം വേണം എന്നായിരുന്നു സത്യഭാമയുടെ പ്രതികരണം.

വര്‍ണവെറി നടന്നുവെന്നതിന് പോലീസിനും കോടതിയ്ക്കും തെളിവു വേണ്ടേ. വ്യക്തിയുടെ പേര് പറഞ്ഞാലേ കുഴപ്പമുള്ളു. പരാമര്‍ശത്തില്‍ ഒരു കുറ്റബോധവും ഇല്ല. ഞാന്‍ ഇനിയും പറയും. എന്റെ കലയുമായി വരുന്ന പ്രശ്‌നങ്ങളില്‍ ഞാന്‍ പ്രതികരിക്കും.

 

നര്‍ത്തകനും നടനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെ സൂചിപ്പിച്ചുകൊണ്ടായിരുന്നു സത്യഭാമയുടെ അധിക്ഷേപ പരാമര്‍ശം. നര്‍ത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു യൂട്യൂബ് ചാനല്‍ അഭിമുഖത്തില്‍ സത്യഭാമ പറഞ്ഞത്. ആര്‍എല്‍വി രാമകൃഷ്ണന്റെ പേര് പരാമര്‍ശിച്ചില്ലെങ്കിലും ഇയാള്‍ ചാലക്കുടിക്കാരന്‍ നര്‍ത്തകനാണെന്നും സംഗീത നാടക അക്കാദമിയുമായി ഇയാള്‍ക്ക് പ്രശ്‌നമുണ്ടായിരുന്നുവെന്നും കൂട്ടത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ശക്തമായ പ്രതികരണവുമായി ആര്‍.എല്‍.വി രാമകൃഷ്ണനും കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരും രംഗത്ത് വന്നതോടെയാണ് വലിയ ചര്‍ച്ചയായത്. അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ കൂടിയാണ് ഡോ: ആര്‍.എല്‍.വി രാമകൃഷ്ണന്‍.

ഇങ്ങനെയുള്ള വ്യക്തികള്‍ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളതെന്നും ഇതുപോലെയുള്ള ജീര്‍ണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും ആര്‍.എല്‍.വി രാമകൃഷ്ണന്‍ പ്രതികരിച്ചിരുന്നു. നേരത്തെയും ജാതീയമായ വിവേചനം നേരിടേണ്ടി വന്ന സാഹചര്യം അദ്ദേഹം വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe