5ജിയിലേക്ക് കുതിക്കാന്‍ രാജ്യം; ലേലം ഇന്ന്: അംബാനിയും അദാനിയും ഉള്‍പ്പെടെ രംഗത്ത്‌

news image
Jul 26, 2022, 9:53 am IST payyolionline.in

ന്യൂഡൽഹി: രാജ്യം ഏറെ ഉറ്റുനോക്കുന്ന 5ജി സ്പെക്ട്രം (റേഡിയോ തരംഗം) ലേലം ഇന്നു മുതൽ. ഇന്ത്യ ഇതുവരെ സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ സ്പെക്ട്രം ലേലമാണിത്. ലേലത്തിലൂടെ കമ്പനികൾക്ക് ലഭിക്കുന്ന റേഡിയോ ഫ്രീക്വൻസി ഉപയോഗിച്ചായിരിക്കും രാജ്യത്ത് 5ജി സേവനം ലഭ്യമാക്കുക. 4ജിയെ അപേക്ഷിച്ച് 10 മടങ്ങ് ഇന്റർനെറ്റ് വേഗമാണ് 5ജിയിൽ പ്രതീക്ഷിക്കുന്നത്. വർഷാവസാനത്തോടെ തിരഞ്ഞെടുക്കപ്പെട്ട മെട്രോ നഗരങ്ങളിൽ സേവനം ആരംഭിച്ചേക്കും. റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ–ഐഡിയ, അദാനി ഗ്രൂപ്പ് എന്നീ കമ്പനികളാണ് ലേലത്തിൽ പങ്കെടുക്കുന്നത്. ഇതിൽ റിലയൻസ് ജിയോയും എയർടെലുമായിരിക്കും ഏറ്റവും സജീവമായി ലേലത്തിൽ പങ്കെടുക്കുക.

റിലയൻസ് ജിയോ തന്നെ താരം

മറ്റ് 3 കമ്പനികൾ വച്ച തുകയുടെ ഇരട്ടിയോളമാണ് റിലയൻസ് ജിയോ കെട്ടിവച്ചത്. കെട്ടിവച്ച തുകയുടെ 9 ഇരട്ടിയോളം മൂല്യമുള്ള സ്പെക്ട്രമാണ് ഒരു കമ്പനിക്ക് സ്വന്തമാക്കാവുന്നത്. ഇതനുരിച്ച് 14,000 കോടി രൂപ കെട്ടിവച്ച റിലയൻസ് ജിയയോയ്ക്ക് ഏകദേശം 1.26 ലക്ഷം കോടി രൂപയുടെ സ്പെക്ട്രം വാങ്ങാം. 5,500 കോടി കെട്ടിവച്ച എയടർടെലിന് 49,500 കോടിയുടെ സ്പെക്ട്രം വാങ്ങാം. സാമ്പത്തികപ്രതിസന്ധി നേരിടുന്ന വോഡഫോൺ–ഐഡിയ (വിഐ) ആകട്ടെ കെട്ടിവച്ചത് 2,200 കോടി രൂപ മാത്രമാണ്. ഇതുവഴി 19,800 കോടിയുടെ സ്പെക്ട്രം ലഭിക്കാം. ഏതാനും സർക്കിളുകളിലേക്ക് മാത്രമായിരിക്കും വിഐയുടെ ബിഡ് എന്നു ചുരുക്കം. പുതുമുഖമായ അദാനി ഗ്രൂപ്പ് കെട്ടിവച്ചത് 100 കോടിയായതിനാൽ സ്പെക്ട്രത്തിന് പരമാവധി 900 കോടി രൂപ വരെ മാത്രമേ ചെലവഴിക്കൂ. സ്വകാര്യ 5ജി ശൃംഖലകൾ വികസിപ്പിക്കാൻ വേണ്ടി മാത്രമാണ് അദാനി ഗ്രൂപ്പ് ലേലത്തിൽ പങ്കെടുക്കുന്നത്.

നാലിടങ്ങിൽ 5ജി തയാറെടുപ്പ് പരീക്ഷണം പൂർത്തിയായി

5ജിയുടെ മുന്നോടിയായി ഇലക്ട്രിക് പോസ്റ്റുകൾ, മെട്രോ പില്ലറുകൾ, ട്രാഫിക് ലൈറ്റുകൾ, വഴിവിളക്കുകൾ എന്നിവയെ മിനി ടെലികോം ടവറുകളാക്കുന്ന (സ്മോൾ സെൽ) പ്രക്രിയ സംബന്ധിച്ച പഠനം രാജ്യത്ത് നാലിടങ്ങളിൽ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) പൂർത്തിയാക്കി. ഡൽഹി വിമാനത്താവളം, കണ്ട്‍ല തുറമുഖം, ബെംഗളൂരു മെട്രോ റെയിൽ, ഭോപ്പാൽ സ്മാർട് സിറ്റി എന്നിവിടങ്ങളിലായിരുന്നു പരീക്ഷണം. നിലവിലെ മൊബൈൽ ടവറുകൾ ഒരു വലിയ മേഖലയിൽ കവറേജ് നൽകുന്നവയാണെങ്കിൽ 5ജി ടവറുകൾ ഒരു ചെറിയ പ്രദേശം മാത്രം കവർ (സ്മോൾ സെൽ) ചെയ്യുന്നതായിരിക്കും.

4ജി അപേക്ഷിച്ച് കുറഞ്ഞ തരംഗദൈർഘ്യവും ഉയർന്ന ഫ്രീക്വൻസിയുമുള്ള തരംഗങ്ങളാണു 5ജിയിൽ ഉപയോഗിക്കുന്നത്. ഇക്കാരണത്താൽ വലിയ ടവറുകൾക്കു പകരം ഒരു നിശ്ചിത പ്രദേശത്ത് ഒട്ടേറെ കുഞ്ഞൻ ടവറുകൾ വേണ്ടിവരും. നഗരങ്ങളിലും മറ്റും പുതിയ കുഞ്ഞൻ ടവറുകൾ സ്ഥാപിക്കുന്നതിനു പകരം നിലവിലുള്ള ഇല്ക്ട്രിക് പോസ്റ്റുകളിലും ട്രാഫിക് സിഗ്നൽ പോസ്റ്റുകളിലും പ്രസാരണത്തിനുള്ള ഉപകരണം ഘടിപ്പിച്ചാൽ അവ ടവറായി പ്രവർത്തിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe