കോവളത്ത് കമ്പവലയിൽ കുടുങ്ങിയ തിമിംഗില സ്രാവിനെ മത്സ്യത്തൊഴിലാളികൾ കടലിൽ തിരികെ വിട്ടു

news image
Apr 18, 2021, 10:17 am IST

കോവളം : കമ്പവലയിൽ കുടുങ്ങിയ തിമിംഗില സ്രാവിനെ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ കടലിൽ തിരികെ വിട്ടു. കോവളം ഹവ്വാബീച്ചിൽ ശനിയാഴ്ച രാവിലെ 11.00-ഓടെയാണ് കോവളം സ്വദേശിയായ പീരുമുഹമ്മദിന്റെ കമ്പവലയിൽ സ്രാവ് കുടുങ്ങിയത്. കരയിലേക്ക് വല വലിച്ചെടുത്തപ്പോഴാണ് മറ്റ് മീനുകൾക്കൊപ്പം സ്രാവിനെ കണ്ടത്.

ഇരുപത്തയഞ്ചടിയോളം നീളവും 2000 കിലോയോളം തൂക്കവും വരുമെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ശരീരത്തിന് കറുത്തനിറവും പുള്ളികളുമുള്ള ഇവയുടെ അടിഭാഗം വെളുത്തനിറത്തിലുമാണ്. വലയിൽനിന്ന് സ്രാവിനെ പുറത്താക്കിയശേഷം ബീച്ചിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈഫ്ഗാർഡുകളായ രഞ്ചിത്ത്, വെർജിൻ എന്നിവരുടെ നേതൃത്വത്തിൽ കമ്പവല വലിക്കാനെത്തിയ മത്സ്യത്തൊഴിലാളികളും അവിടെയുണ്ടായിരുന്ന സന്ദർശകരും ചേർന്ന് സ്രാവിനെ അരമണിക്കൂറോളം ശ്രമപ്പെട്ട് കടലിലേക്കു തള്ളിവിട്ടു.

നാലു മാസത്തിനിടെ ശംഖുംമുഖം, വേളി, വലിയവേളി എന്നീ തീരങ്ങളിലും വലയിൽ കുടുങ്ങിപ്പോയ തിമിംഗില സ്രാവുകളെ മത്സ്യത്തൊഴിലാളികൾ തിരികെ കടലിലേക്കു തിരിച്ചുവിട്ടിരുന്നു. വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിൽപ്പെട്ട ഇവ കേരളാതീരത്ത് അത്ര സുലഭമല്ല. വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ ഒന്നിൽപ്പെട്ടതാണിതെന്ന് കേരള യൂണിവേഴ്‌സിറ്റി അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗം മേധാവി ഡോ. എ.ബിജുകുമാർ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe