സ്വർണം പണയപ്പെടുത്തിയതിൽ ഭാര്യ അവഹേളിക്കും’; ഒന്നര വയസ്സുകാരിയുടെ മരണത്തിൽ പിതാവ് അറസ്റ്റിൽ

news image
Oct 17, 2021, 11:37 am IST

കണ്ണൂർ: പാനൂരിൽ ഒന്നര വയസുകാരിയെ അച്ഛൻ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ഷിജുവിന്‍റെ മൊഴി പുറത്ത്. ഭാര്യയുടെ 50 പവനോളം സ്വർണം പണയം വച്ചിരുന്നു. ഇത് ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഷിജു പൊലീസിന് മൊഴി നല്‍കി. കുട്ടിയെ കൊല്ലണമെന്ന് കരുതിയിരുന്നില്ല. താനും ആത്മഹത്യ ചെയ്യാനാണ് ഉദ്ദേശിച്ചത്. ആളുകൾ വന്നത് കൊണ്ടാണ് ഓടി രക്ഷപ്പെട്ടതാണെന്നും ഷിജു കതിരൂർ പൊലീസിന് മൊഴി നൽകി. ഷിജുവിനെ മട്ടന്നൂർ കോടതി റിമാൻഡ് ചെയ്തു.

മകളെയും ഭാര്യയേയും പുഴയിലേക്ക് തള്ളിയിട്ട ശേഷം ഇവിടെ നിന്നും ഓടി മറഞ്ഞ ഷിജുവിനെ മട്ടന്നൂരിൽ നിന്നാണ് പൊലീസ് ഇന്നലെ പിടികൂടിയത്. ഒന്നര വയസുകാരിയായ മകള്‍ അൻവിതയെയും അമ്മ സോനയെയും ഷിജു പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. സോനയെ നാട്ടുകാർ രക്ഷിച്ചുവെങ്കിലും അൻവിത മരിച്ചു. ഷിജുവിന്റെയും സോനയുടെയും കല്യാണം കഴിഞ്ഞിട്ട് മൂന്ന് വർഷമായി. ഇവർ തമ്മിൽ യാതൊരു പ്രശ്നവുമില്ലെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.

കഴിഞ്ഞ ദിവസം രാത്രിയാണ് പാത്തിപ്പാലം പുഴയിലേക്ക് ഭാര്യയേയും ഒന്നര വയസുകാരി മകളെയും ഷിജു തള്ളിയിട്ടത്. സംഭവ സ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാരാണ് സോനയെ രക്ഷപ്പെടുത്തിയത്. ഒളിവിൽ പോയ ഷിജുവിനെ കണ്ടെത്താൻ മൂന്ന് ടീമുകളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തിയത്. മട്ടന്നൂരിലെത്തിയ ഷിജു തന്റെ മൊബൈൽ ഫോൺ ഓൺ ചെയ്തതോടെയാണ് പൊലീസിന് ഇയാളെ പിടിക്കാനുള്ള വഴി തുറന്നുകിട്ടിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe