പാലക്കാട്: അട്ടപ്പാടിയിൽ ശിശുമരണം ആവർത്തിക്കാതിരിക്കാൻ പ്രത്യേക ആരോഗ്യ പദ്ധതി നടപ്പാക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് പി.എസ്. അബൂ ഫൈസൽ ആവശ്യപ്പെട്ടു. ആരോഗ്യ രംഗത്ത് പ്രത്യേക പരിഗണന അർഹിക്കുന്ന ജനസമൂഹമാണ് അട്ടപ്പാടിയിലെ ആദിവാസികൾ. എന്നാൽ, ഇവിടത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ വേണ്ടത്ര ചികിത്സ സൗകര്യങ്ങളില്ല.
ഏറ്റവും കൂടുതൽ ആദിവാസികൾ തിങ്ങിപ്പാർക്കുന്ന പുതൂർ പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ (എൻ.ആർ.സി) സാധാരണ ആരോഗ്യ കേന്ദ്രങ്ങളിലെ സൗകര്യം പോലുമില്ല. കിടത്തി ചികിത്സിക്കാനുള്ള സൗകര്യം പേരിന് മാത്രമാണ്. ആരോഗ്യപ്രവർത്തകർക്ക് ഊരുകളിൽ എത്തിപ്പെടാൻ സൗകര്യമില്ല. കോട്ടത്തറ ഗവ. ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലടക്കം മെച്ചപ്പെട്ട ചികിത്സ സൗകര്യം ഒരുക്കണമെന്നും പി.എസ്. അബൂ ഫൈസൽ ആവശ്യപ്പെട്ടു.