ന്യൂഡൽഹി∙ രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ അധ്യാപകരുടെ നിർണായകമായ പങ്കാളിത്തത്തെ ദേശീയ അധ്യാപകദിനത്തിൽ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സ് പ്ലാറ്റ്ഫോമിലാണു പ്രധാനമന്ത്രി അധ്യാപകരെക്കുറിച്ചും അവരുടെ പ്രയ്തനങ്ങളെക്കുറിച്ചും പ്രകീർത്തിച്ചത്.
നമ്മുടെ ഭാവി രൂപപ്പെടുത്തുന്നതിലും സ്വപ്നങ്ങളെ പ്രചോദിപ്പിക്കുന്നതിലും അധ്യാപകർക്കു പ്രധാന പങ്കുണ്ട്. അധ്യാപകരുടെ അചഞ്ചലമായ ആത്മസമർപ്പണത്തിന് മുന്പിൽ സല്യൂട്ട് ചെയ്യുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മുൻ രാഷ്ട്രപതിയും വിദ്യാഭ്യാസവിദഗ്ധനുമായ ഡോ.എസ്.രാധാകൃഷ്ണനു കൃതജ്ഞതകൾ അർപ്പിക്കുന്നതായും പ്രധാനമന്ത്രി കുറിച്ചു.
സെപ്റ്റംബർ നാലിന് ലോക് കല്യാൺ മാർഗിൽ വച്ച് നാഷണൽ ടീച്ചർ അവാർഡ് ജേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാനും രാജീവ് ചന്ദ്രശേഖറും ചടങ്ങിലുണ്ടായിരുന്നു. യുവാക്കളുടെ മനസുകളെ പരുവപ്പെടുത്തിയെടുക്കാനായി അധ്യാപകർ നടത്തുന്ന പ്രയ്തനങ്ങളെ പ്രധാനമന്ത്രി പ്രോത്സാഹിപ്പിക്കുകയും ചെയ്തു.