പയ്യോളി: കോട്ടക്കൽ കുഞ്ഞാലിമരയ്ക്കാർ ഹൈസ്കൂൾ മാനേജ്മെന്റിന്റെ സാമ്പത്തിക തട്ടിപ്പിനെതിരെ സമരം തുടരുന്നു. സമരസഹായ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല പ്രക്ഷോഭം ഇന്നേക്ക് നാല് ദിവസം പിന്നിട്ടു.അധ്യാപക ജോലി നൽകുമെന്ന് പറഞ്ഞ് മുപ്പതോളം പേരിൽ നിന്നായി കോടിക്കണക്കിന് രൂപയാണ് സ്കൂൾ മാനേജ്മെന്റ് തട്ടിയതെന്ന് സമരക്കാർ ആരോപിക്കുന്നു.പണം വാങ്ങിയവർക്ക് ജോലി നൽകാതെ സ്വന്തക്കാർക്കും ബന്ധുക്കൾക്കും നിയമനം നൽകുകയാണ് മാനേജ്മെന്റ് ചെയ്തത്.
വർഷങ്ങളായി ജോലി നല്കുമെന്ന് പറഞ്ഞ് ലക്ഷക്കണക്കിന് രൂപ നൽകിയിട്ട് ഒരു ചില്ലി കാശ് പോലും തിരികെ നൽകാതെ മാനേജ്മെന്റ് തഴഞ്ഞതോടെയാണ് ഇരകൾ നീതി തേടി പൊതു സമൂഹത്തിലേക്ക് ഇറങ്ങിയത്.അതേസമയം ജോലി വാഗ്ദാനം നൽകി കോടികൾ തട്ടിയെടുത്ത കോട്ടക്കൽ കുഞ്ഞാലിമരയ്ക്കാർ സ്കൂൾ സർക്കാർ ഏറ്റെടുക്കണമെന്ന് സിഐടിയു ജില്ലാ സെക്രട്ടറി കെ കെ മമ്മു ആവശ്യപ്പെട്ടു. സമരപ്പന്തൽ സന്ദർശിച്ച് ഇരകളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹമിക്കാര്യം ആവശ്യപ്പെട്ടത്.സമരത്തിന് പിന്തുണ അർപ്പിച്ചുകൊണ്ട് ഇന്ന് വൈകിട്ട് ഡിവൈഎഫ്ഐ മേലടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നുണ്ട്.