കൊടുവള്ളി: ശക്തമായ മിന്നലേറ്റ് കൊടുവള്ളിയിലും കിഴക്കോത്തും ഒരാഴ്ചക്കിടെ മരണപ്പെട്ടത് രണ്ടുപേർ. ദാരുണമായ രണ്ടു മരണങ്ങളിലും പകച്ചുനിൽക്കുകയാണ് പ്രദേശവാസികൾ. മേയ് 30നാണ് കിഴക്കോത്ത് കണ്ടിയിൽമീത്തൽ കോളനിയിലെ കാരമ്പാറമ്മൽ നെല്ലാങ്കണ്ടി വീട്ടിൽ ജയപ്രകാശന്റെ ഭാര്യ ഷീബ (43) മരിച്ചത്.
വൈകീട്ട് നാലുമണിയോടെ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഷീബ മിന്നലേറ്റ് വീഴുകയായിരുന്നു. വിദ്യാർഥികളായ രണ്ടു മക്കളാണ് ഇവർക്കുള്ളത്. ഇതേ ദിവസം ആവിലോറ സ്വദേശിക്കും മിന്നലേറ്റിരുന്നു.
ഈ സംഭവങ്ങൾ നടന്ന് ഒരാഴ്ച കഴിയുന്നതിനിടെയാണ് ബുധനാഴ്ച മിന്നലേറ്റ് കൊടുവള്ളി പുത്തലത്ത് വീട്ടിൽ കക്കോടൻ നസീർ (40) മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ കിഴക്കോത്ത് പരപ്പാറയിൽവെച്ചായിരുന്നു സംഭവം. ശക്തമായ മഴക്കിടെയുണ്ടായ ഇടിമിന്നലേൽക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടുപേർക്കും മിന്നലേറ്റിരുന്നു.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും നസീർ മരിച്ചു. വിവാഹിതനായ നസീറിന് കുട്ടികളില്ല. വ്യാഴാഴ്ച മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചയോടെ മൃതദേഹം വീട്ടിലെത്തിച്ച് പൊതുദർശനത്തിന് വെച്ചു. തുടർന്ന് കൊടുവള്ളി മാർക്കറ്റ് പള്ളിയിലും പറമ്പത്ത് കാവ് ജുമാമസ്ജിദിലും മയ്യിത്ത് നമസ്കാരം നടന്നു.