“ഗാസയിലുള്ളവരെ ഈജിപ്തിലേക്ക് മാറ്റണം’ ; ഇസ്രയേൽ രഹസ്യാന്വേഷണ മന്ത്രാലയത്തിന്റെ നിർദേശം പുറത്ത്‌

news image
Nov 1, 2023, 1:28 pm GMT+0000 payyolionline.in

ജറുസലേം: ഗാസയിലെ 23 ലക്ഷം ജനങ്ങളെ ഈജിപ്തിലെ സിനായി ഉപദ്വീപിലേക്ക്‌ മാറ്റണമെന്ന ഇസ്രയേൽ രഹസ്യാന്വേഷണ മന്ത്രാലയത്തിന്റെ നിർദേശം പുറത്ത്‌. യുദ്ധസാഹചര്യത്തിൽ വിവിധ സാധ്യതകൾ തേടുന്നതിനൊപ്പമാണ്‌ പലസ്തീൻകാരെ ഗാസയിൽനിന്ന്‌ ഈജിപ്തിലേക്ക്‌ ഒഴിപ്പിക്കാനുള്ള നിർദേശവും സമർപ്പിച്ചിരിക്കുന്നത്‌.  റിപ്പോർട്ട്‌ പുറത്തുവന്നതോടെ പലസ്തീൻകാർക്കിടയിൽ വലിയ തോതിൽ അമർഷം ഉയരുകയാണ്‌. ഗാസയിലേക്കുള്ള ഇസ്രയേൽ ആക്രമണം ആരംഭിച്ചതുമുതൽ ഇങ്ങനെയൊരു സാധ്യത പരിഗണിക്കാനാകില്ലെന്ന്‌ ഈജിപ്തും ആവർത്തിച്ച്‌ പറഞ്ഞിരുന്നു.

സ്വന്തം മണ്ണിൽനിന്ന്‌ ഒഴിഞ്ഞുപോകുന്ന പ്രശ്‌നമില്ലെന്ന്‌ പലസ്തീൻ പ്രസിഡന്റ്‌ മഹ്‌മൂദ്‌ അബ്ബാസിന്റെ വക്താവ്‌ നബിൽ അബു റുദൈനേ പറഞ്ഞു. 1948ൽ സംഭവിച്ചത്‌ ആവർത്തിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹമാസ്‌ ആക്രമണത്തിന്‌ ആറുദിവസത്തിനുശേഷം, 13ന്‌ മന്ത്രാലയം സമർപ്പിച്ച റിപ്പോർട്ടാണ്‌ പുറത്തുവന്നത്‌. ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കാനെന്ന പേരിലാണ്‌ ഗാസ നിവാസികളെ സിനായിയിലെ ടെന്റുകളിലേക്ക്‌ മാറ്റാനുള്ള നിർദേശം. മാനുഷിക ഇടനാഴിയുണ്ടാകുമെന്ന്‌ പറയുന്നു. എന്നാൽ, പലസ്തീൻകാർ തിരികെ പ്രവേശിക്കുന്നില്ലെന്ന്‌ ഉറപ്പാക്കും. പിന്നീട്‌ ഗാസയ്ക്ക്‌ എന്ത്‌ സംഭവിക്കുമെന്ന്‌ റിപ്പോർട്ടിൽ പറയുന്നില്ല.  യുദ്ധശേഷം ഗാസ ഉണ്ടാകില്ലെന്ന്‌ ഇസ്രയേൽ സർക്കാരും സൈന്യവും ആവർത്തിച്ച്‌ വ്യക്തമാക്കിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe