ടെൽ അവീവ്: ഇസ്രയേൽ ഹമാസ് യുദ്ധം അഞ്ചാം ദിവസവും തുടരുന്നു. ഇസ്രയേൽ വ്യോമാക്രമണം തുടരുന്ന ഗാസയിൽ ജനങ്ങൾ പാലായനത്തിലാണ്. ഗാസയിലെ ഹമാസിന്റെ കമാൻഡോ യൂണിറ്റ് ആസ്ഥാനങ്ങൾ ബോംബിട്ട് തകർത്തുവെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. എന്നാൽ ഇനിയും കരയുദ്ധം ആരംഭിച്ചിട്ടില്ല. അതിർത്തിയിൽ തയാറായി നിൽക്കുന്ന ആയിരക്കണക്കിന് ഇസ്രയേൽ സൈനികർക്ക് ഗാസയിലേക്ക് കടക്കാനുള്ള നിർദേശം ഇനിയും നൽകിയിട്ടില്ല.
അതേ സമയം, യുദ്ധസാഹചര്യം കൈകാര്യം ചെയ്യാൻ ഇസ്രായേലിൽ സംയുക്ത സർക്കാരും മന്ത്രിസഭയും ഇന്നലെ രൂപീകരിച്ചിരുന്നു. പ്രതിപക്ഷ നേതാവ് ബെന്നി ഗാൻസും മന്ത്രിയാകും. യുദ്ധം കഴിയുംവരെ പ്രതിപക്ഷ പാർട്ടികൾ കൂടി ഉൾപ്പെട്ട ഈ സർക്കാർ രാജ്യത്തെ നയിക്കും.
ഹമാസ് സംഘം കൊലപ്പെടുത്തിയവരുടെ സംസ്കാര ചടങ്ങുകൾ ഇസ്രായേലിൽ പലയിടത്തായി തുടരുകയാണ്. ഇപ്പോഴും പലയിടത്തുനിന്നും മൃതദേഹങ്ങൾ കണ്ടെടുക്കുന്നുണ്ട്. ഹമാസിന്റെ പിടിയിലുള്ള ബന്ദികളുടെ ബന്ധുക്കൾ വലിയ ആശങ്കയിലാണ്. ഉറ്റവർ ജീവിച്ചിരിപ്പുണ്ടോയെന്നുപോലും അറിയാത്ത അവസ്ഥ. ഹമാസിന്റെ പിടിയിലുളള ബന്ദികളെ മോചിപ്പിക്കാൻ കമാൻഡോ ഓപ്പറേഷന്റെ സാധ്യത തേടുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.