കുവൈത്ത് സിറ്റി: ഗാസയിലേക്ക് കൂടുതല്‍ സഹായങ്ങളുമായി കുവൈത്ത്. ഗാസ മുനമ്പിലെ പലസ്തീൻ ജനതയുടെ ദുരിതമകറ്റാൻ കുവൈത്ത് വ്യോമസേനയുടെ മൂന്നാമത്തെ ദുരിതാശ്വാസ വിമാനം പുറപ്പെട്ടു.
ബുധനാഴ്ചയാണ് വിമാനം പുറപ്പെട്ടത്. ഈജിപ്ഷ്യൻ നഗരമായ അൽ അരിഷിലേക്ക് 40 ടൺ ദുരിതാശ്വാസ സഹായവുമായാണ് വിമാനം പുറപ്പെട്ടിട്ടുള്ളത്. അടിയന്തര മെഡിക്കൽ, ഫാർമസ്യൂട്ടിക്കൽ വസ്തുക്കളും മറ്റ് അവശ്യ വസ്തുക്കളുമാണ് വിമാനത്തിലുള്ളത്. അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, കിരീടാവകാശി ശൈഖ് മിഷല്‍ അൽ അഹമ്മദ് അൽ ജാബർ അൽ-സബാഹ് എന്നിവരുടെ നിർദേശപ്രകാരമാണ് ഗാസയിൽ സഹായം എത്തിക്കുന്നതിനുള്ള കുവൈത്തിന്റെ പ്രവർത്തനങ്ങൾ തുടരുന്നത്.
വിദേശകാര്യ, പ്രതിരോധ, ആരോഗ്യ, മന്ത്രാലയങ്ങളുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിരവധി ഔദ്യോഗിക, സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ കുവൈറ്റ് എയർ ബ്രിഡ്ജ് ഈ ആഴ്ചയിൽ തുടർച്ചയായ ദിവസങ്ങളിൽ ഗാസയിലേക്ക് സഹായം അയക്കുന്നുണ്ട്. കുവൈത്ത് ആർമി, എയർഫോഴ്സ്, കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി, കുവൈത്ത് റിലീഫ് സൊസൈറ്റി, കുവൈത്ത് ചാരിറ്റബിൾ സൊസൈറ്റികൾ, മാനുഷിക സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ സാധ്യമാക്കുന്നത്. ഈജിപ്ഷ്യൻ, പലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റികൾ തമ്മില്‍ ഏകോപിപ്പിച്ചാണ് സഹായ വിതരണം.