ദില്ലി സെന്‍റ് സ്റ്റീഫൻസ് കോളജിൽ 100 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ; കാരണം അസംബ്ലിയിൽ പങ്കെടുക്കാത്തത്, എതിർത്ത് അധ്യാപകർ

news image
Feb 20, 2024, 6:16 am GMT+0000 payyolionline.in

ദില്ലി: രാജ്യ തലസ്ഥാനത്തെ സെന്‍റ് സ്റ്റീഫൻസ് കോളേജിൽ കൂട്ട സസ്പെൻഷൻ. നൂറിലേറെ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു.

 

പ്രഭാത അസംബ്ലിയിൽ പങ്കെടുക്കാത്തതിനാണ് നടപടി. ഇതുസംബന്ധിച്ച് വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് കോളജ് അധികൃതർ ഇമെയിൽ സന്ദേശം അയച്ചു. അതേസമയം നടപടി പിൻവലിക്കണമെന്ന് അധ്യാപകരും വിദ്യാർത്ഥികളും ആവശ്യപ്പെട്ടു.

 

ഒന്നാം വർഷ വിദ്യാർത്ഥികളെയാണ് സസ്പെന്‍ഡ് ചെയ്തത്. ഫെബ്രുവരി 17നാണ് വിദ്യാർത്ഥികള്‍ക്ക് ഇ മെയിൽ സന്ദേശം ലഭിച്ചത്. മാതാപിതാക്കളെ വിളിച്ചുകൊണ്ടുവരാത്ത വിദ്യാർത്ഥികളെ അടുത്ത സെമസ്റ്റർ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. സസ്‌പെൻഷൻ ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് വിദ്യാർഥികളും അധ്യാപകരും പ്രിൻസിപ്പൽ ജോൺ വർഗീസിനോട് ആവശ്യപ്പെട്ടു.

 

വിദ്യാർത്ഥികളില്‍ മിക്കവരുടെയും മാതാപിതാക്കള്‍ കൂടെയില്ല. പലരും ദില്ലിക്ക് പുറത്തായതിനാല്‍ ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ഹാജരാവാന്‍ കഴിയില്ലെന്ന് വിദ്യാർത്ഥികള്‍ മറുപടി നല്‍കി. അസംബ്ലിയിൽ ഹാജരായില്ലെന്ന കാരണത്താല്‍ വിദ്യാർത്ഥികളെ പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കരുതെന്ന് അസോസിയേറ്റ് പ്രൊഫസർ സഞ്ജീവ് ഗ്രെവാൾ പ്രിൻസിപ്പലിന് കത്തെഴുതി. നിലവിലെ സംഭവ വികാസത്തിൽ അദ്ദേഹം  ഞെട്ടൽ പ്രകടിപ്പിക്കുകയും ചെയ്തു.

 

പ്രഭാത അസംബ്ലി സർവകലാശാലയുടെ നിർദേശ പ്രകാരം നടത്തുന്നതല്ലെന്നും കോളജ് സ്വന്തം നിലയ്ക്ക് ചെയ്യുന്നതാണെന്നും അധ്യാപകർ ചൂണ്ടിക്കാട്ടി. അസംബ്ലിയില്‍ സ്വമേധയാ ആണ് വിദ്യാർത്ഥികള്‍ പങ്കെടുക്കേണ്ടത്. അല്ലാതെ നിർബന്ധിച്ച് ചെയ്യേണ്ടതല്ലെന്നും അധ്യാപകരും വിദ്യാർത്ഥികളും പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe