പാർലമെൻറിലെ വിദ്വേഷ പ്രസംഗം: രമേഷ് ബിധുരി എംപിക്കെതിരായ പരാതി സ്പീക്കർ പ്രിവിലേജ് കമ്മിറ്റിക്ക് വിട്ടു

news image
Sep 28, 2023, 2:05 pm GMT+0000 payyolionline.in

ദില്ലി: പാർലമെൻറിലെ വിദ്വേഷ പ്രസംഗത്തിൽ ബിജെപിയുടെ രമേശ് ബിധുരി എംപിക്കെതിരെ ബി എസ് പി എംപി ഡാനിഷ് അലി നൽകിയ പരാതി സ്പീക്കർ പ്രിവിലേജ് കമ്മിറ്റിക്ക് വിട്ടു. പരമർശത്തിന് പിന്നാലെ രമേഷ് ബിദുരിയെ ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. അതേസമയം വിവാദത്തിന് ശേഷവും രമേഷ് ബിധുരിക്ക് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിലെ ടോംഗ് മണ്ഡലത്തിന്‍റെ ചുമതല ബിജെപി നൽകിയിരുന്നു. രമേശ് ബിധുരിക്ക് പുതിയ പദവി നൽകിയ ബിജെപി, നിയമത്തേയും ജനങ്ങളേയും വെല്ലുവിളിക്കുയാണെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് പറഞ്ഞു.

പാർലമെന്റിന്റെ പ്രത്യേക സമ്മേള്ളനത്തിലായിരുന്നു ബിഎസ്പി എംപി ഡാനിഷ് അലിയെ ഭീകരവാദിയെന്നും മുല്ല എന്നും രമേശ് ബിദൂരി വിളിച്ച സംഭവം ഉണ്ടായത്. സംഭവത്തിൽ ബിജെപി എംപി രമേഷ് ബിദുരിക്ക് സ്പീക്കർ താക്കീത് നൽകിയിരുന്നു. വിദ്വേഷ പ്രസംഗത്തിനെതിരെ സഭയിൽ വ്യാപകമായി വിമർശനം ഉയർന്നതോടെ പരാമർശം രേഖകളിൽ നിന്ന് നീക്കം ചെയ്തു. പരാമർശത്തിന്റെ പേരിൽ രമേഷ് ബിദുരി എംപിക്ക് ബിജെപി കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. എംപി ഡാനിഷ് അലിക്കെതിരായ പരാമർശങ്ങളിൽ ബിജെപി എംപി രമേഷ് ബിദുരിയെ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് കോൺഗ്രസും ആവശ്യപ്പെട്ടിരുന്നു.

ഡാനിഷ് അലി പ്രധാനമന്ത്രിയെ നീച് എന്ന് വിളിച്ചു എന്നായിരുന്നു ബിജെപിയുടെ ആരോപണം. ഇതിൽ പ്രകോപിതൻ ആയാണ് രമേശ് ബിദുരി ഡാനിഷ് അലിക്കെതിരെ പരാമർശങ്ങൾ നടത്തിയതെന്നായിരുന്നു ബിജെപി വിശദീകരണം. എന്നാൽ താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചെങ്കില്‍ അതിന്‍റെ വീഡിയോ എവിടെയെന്ന് ഡാനിഷ് അലി എംപി ചോദിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe