മീനങ്ങാടിയിൽ പുല്ലരിയാൻ പോയ കർഷകന്‍റെ മരണം വെള്ളം ഉള്ളിൽ ചെന്ന്; അസ്വാഭാവികതയില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്

news image
Jul 28, 2023, 12:33 pm GMT+0000 payyolionline.in

മീനങ്ങാടി: പുല്ലരിയാൻ പോയ കർഷകനെ സമീപത്തെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മീനങ്ങാടി മുരണി കുണ്ടുവയൽ കീഴാനിക്കൽ സുരേന്ദ്രന്റെ (59) മൃതദേഹമാണ് സംഭവം നടന്നതിന് നാലു കിലോമീറ്ററോളം അകലെ നിന്ന് കണ്ടെടുത്തത്.

ശരീരത്തിൽ ക്ഷതമേറ്റ പാടുകളില്ല. മരണം നടന്നത് വെള്ളം ഉളളിൽ ചെന്നാണെന്നും അസ്വാഭാവികത ഇല്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ജീവികളുടെ ആക്രമണം നടന്നതിന് തെളിവുകളൊന്നുമില്ല. ശക്തമായ ഒഴുക്കിൽപ്പെട്ട് മരിച്ചതാകാമെന്ന നിഗമനത്തിലാണ് അധികൃതർ. കോഴിക്കോട് മെഡിക്കൽ കോളജിലാണ് പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയത്. സുരേന്ദ്രനെ മുതലയോ മറ്റേതെങ്കലും ജീവിയോ വലിച്ചുകൊണ്ടുപോയതാണെന്ന അഭ്യൂഹം കാണാതായ ബുധനാഴ്ച മുതൽ നാട്ടിൽ പരന്നിരുന്നു.

എന്നാൽ, പ്രാഥമിക പരിശോധനയിലും മൃതശരീരത്തിൽ വന്യജീവി ആക്രമിച്ചതായ പരിക്കുകളോ മറ്റു ഗുരുതര മുറിവുകളോ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുർക്കി ജീവൻ രക്ഷാസമിതി അംഗങ്ങൾ, ബത്തേരി അഗ്നിരക്ഷ സേനാംഗങ്ങൾ, പൾസ് എമർജൻസി ടീമംഗങ്ങൾ, എൻ.ഡി.ആർ.എഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് ചീരാംകുന്ന് ഗാന്ധി നഗറിന് സമീപത്തെ ചെക്ക്ഡാമിന് അടുത്ത് നിന്ന് മൃതദേഹം കണ്ടെടുത്തത്.

വീടിന് സമീപത്തുനിന്ന് സുരേന്ദ്രന്റേതെന്ന് കരുതുന്ന വസ്ത്രങ്ങൾ രാവിലെ തിരച്ചിൽ സംഘം കണ്ടെടുത്തിരുന്നു. ഇതു സുരേന്ദ്രന്റെ വസ്ത്രമാണെന്ന് കുടുംബം സംശയം പ്രകടിപ്പിച്ചതോടെയാണ് മുതല കടിച്ചെന്ന അഭ്യൂഹം പരന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe