പ്ലസ് ടൂ കോഴക്കേസ്: കെഎം ഷാജിക്ക് സുപ്രീം കോടതി നോട്ടീസ്

news image
Jul 17, 2023, 10:52 am GMT+0000 payyolionline.in

തിരുവനന്തപുരം: പ്ലസ്ടു കോഴക്കേസില്‍ കെ. എം. ഷാജിക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി. വിജിലൻസ് കേസ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്. കെ. എം. ഷാജി ഉള്‍പ്പടെയുള്ള കേസിലെ എതിര്‍ കക്ഷികള്‍ക്കാണ് ജസ്റ്റിസ്മാരായ വിക്രം നാഥ്, അഹ്സനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചത്. നോട്ടീസിന് ആറ് ആഴ്ച്ചക്കുള്ളിൽ മറുപടി നൽകണം. ഷാജി കൈക്കൂലി ചോദിച്ചതിന് ഏതെങ്കിലും തെളിവുണ്ടോയെന്ന് വാദത്തിനിടെ കോടതി ചോദിച്ചു.

നേരിട്ടുളള തെളിവുകള്‍ ഇല്ലാത്തതിനാൽ ആണ് ഹൈക്കോടതി കേസ് റദ്ദാക്കിയതെന്നും കോടതി പറഞ്ഞു. എന്നാൽ ഷാജിക്കെതിരെ സ്വന്തം പാർട്ടിയിലുള്ളവരുടെ പരാതിയാണ് കിട്ടിയതെന്നും പരോക്ഷമായ തെളിവുണ്ടെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. കേസിൽ സംസ്ഥാനത്തിനായി മുതിർന്ന  അഭിഭാഷകന്‍ നീരജ് കിഷന്‍ കൗളും സ്റ്റാന്‍ഡിങ് കൌണ്‍സല്‍ ഹര്‍ഷദ് വി. ഹമീദും ഹാജരായി.

പ്ലസ് ടു കോഴക്കേസിൽ കെഎം ഷാജിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. വിജിലൻസ് കേസ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതോടെ തുടർന്നെടുത്ത ഇ.ഡി കേസ് നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചാണ് നടപടി. കേസെടുത്ത് സ്വത്തുവകകൾ കണ്ടുകെട്ടിയ  നടപടികളും റദ്ദാക്കി. ഷാജിയുടെ ഭാര്യയുടെ പേരിലുള്ള വീട് കേസിന്റെ ഭാഗമായി ഇ.ഡി കണ്ടുകെട്ടിയിരുന്നു. അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം കെ എം ഷാജിക്കെതിരേ ഇഡി കേസെടുത്തിരുന്നത്.

പ്ലസ്ടു കോഴക്കേസിലും ഷാജിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കിയിരുന്നു. സി പി എം പ്രാദേശിക നേതാവ് ആണ് 2017 യിൽ മുഖ്യമന്ത്രിക്കു പരാതി നൽകിയത്. വിജിലൻസ് എസ് പി  കഴമ്പില്ലെന്നു കണ്ടു പരാതി തള്ളിയിരുന്നു. എന്നാൽ വീണ്ടും പ്രോസീക്യൂഷൻ നിയമോപദേശത്തിൽ വിജിലൻസ് അന്വേഷണം തുടങ്ങി. ഈ കാര്യം ചൂണ്ടിക്കാണ്ടിയാണ്  കെ എം ഷാജി ഹൈക്കോടതിയെ സമീപിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe