മലയാളിയുടെ പ്രിയപ്പെട്ട ബാലഭാസ്കറിന്റെ കുടുംബ ജീവിതത്തിൽ സംഭവിച്ചതെന്താണെന്നതിനുള്ള ചോദ്യത്തിന് ഉത്തരം നൽകുകയാണ് ഭാര്യ ലക്ഷ്മി. ബാലഭാസ്കറിന്റെ വീട്ടുകാരുമായുള്ള അകൽച്ച ഞങ്ങളുടെ വിവാഹം മുതൽ ഉള്ളതാണെന്ന് ഭാര്യ ലക്ഷ്മി. അപകടം ശേഷം ആദ്യമായാണിത്തരം വിഷയങ്ങൾ ലക്ഷ്മി പറയുന്നത്. ഞാൻ അവിടെ പോകുന്നത് ഒഴിവാക്കിയതു ബാലു തന്നെയായിരുന്നു. പ്രണയിച്ചു വിവാഹം കഴിച്ചതുകൊണ്ട് എന്നെ അംഗീകരിച്ചിരുന്നില്ല.
ഒരു തവണ മാത്രമാണ് ബാലു എന്നെ വീട്ടിൽ കൊണ്ടുപോയിട്ടുള്ളതെന്ന് ലക്ഷ്മി പറയുന്നു. ബാലു മിക്കപ്പോഴും വീട്ടിൽ പോകുമായിരുന്നു. മറ്റു കുടുംബാംഗങ്ങളുടെ വീടുകളിലൊക്കെ പോയിട്ടുണ്ട്. ബാലുവിന്റെ അച്ഛൻ ഞങ്ങളുടെ വീട്ടിലും വരുമായിരുന്നു. അപകടശേഷവും അദ്ദേഹം രണ്ട്
തവണ വന്നു കണ്ടു പിന്നീട് സമൂഹ മാധ്യമങ്ങളിലൂടെ അവഹേളനം ഉണ്ടായതോടെ അകൽച്ചയായി. ഇപ്പോൾ അടുപ്പമുള്ളവർ പോലും മിണ്ടാതായി. അപകടശേഷമാണീ അനുഭവങ്ങളെല്ലാം ഉണ്ടായത്. ഇത്, വല്ലാതെ വിഷമിപ്പിച്ചു.
ബാലുവിന്റെ കാര്യത്തിൽ ആദ്യ അവകാശം അച്ഛനമ്മമാർക്കു തന്നെയാണ്. ബാലുവിന്റെ മരണത്തിൽ സംശയം ഉന്നയിക്കാൻ അവർക്ക് അവകാശമുണ്ട്. അതുകൊണ്ടാണ് അവർ പരാതി നൽകി നിയമപ്പോരാട്ടം നടത്തിയത്. ആ അവകാശത്തെ ഒരിക്കൽപോലും എതിർത്തിട്ടില്ല. എല്ലാ ബുദ്ധിമുട്ടുകളും മാറ്റിവച്ചാണ് അന്വേഷണത്തോടു സഹകരിച്ചതെന്നും ലക്ഷ്മി പറഞ്ഞു. ഇതിനിടയിൽ ചിലർ എന്റെ ആത്മാർഥതയെ ചോദ്യം ചെയ്യുകയാണ്. അത്, വലിയ പ്രയാസമാണ്. ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.
എന്റെ ജീവനായിരുന്ന രണ്ട് പേരുടെ ആത്മാക്കളാണ്. അറിയാവുന്ന കാര്യങ്ങൾ കൃത്യമായി നിയമത്തിനു മുന്നിൽ പറഞ്ഞു. ബോധം തെളിഞ്ഞതു മുതൽ അന്വേഷണ ഏജൻസികൾക്കും കോടതിയിലുമെല്ലാം മൊഴി നൽകി. ഇരിക്കാൻപോലും ബുദ്ധിമുട്ടായിരുന്ന ഘട്ടത്തിലും മണിക്കൂറുകളോളം മൊഴി നൽകിയിട്ടുണ്ട്. പക്ഷേ അതെല്ലാം പരസ്യചർച്ചയ്ക്കു വിധേയമാക്കാനില്ല. ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണ്.
എനിക്ക് ആരെയും ഒന്നും ബോധിപ്പിക്കാനില്ല. ഞാൻ കണ്ടതും അറിഞ്ഞതും മാത്രമേ പറയാനാകൂ. കേട്ടതും ഊഹങ്ങളും പറയാനാകില്ല. സംഗീതത്തിനു വേണ്ടി മാത്രം ജീവിച്ച ബാലു വിവാദങ്ങളുടെ കേന്ദ്രമായതാണ് ഏറെ വേദനിപ്പിക്കുന്നത്.
ആശുപത്രിയിൽ നിന്ന് ബോധം തെളിഞ്ഞപ്പോൾ കൈകളൊക്കെ ബെഡിൽ കെട്ടിയിട്ടിരിക്കുകയാണ്. ബാലുവിനെയും കുഞ്ഞിനെയും അന്വേഷിച്ചപ്പോൾ എല്ലാവരും പുറത്തുണ്ടെന്നാണ് സിസ്റ്റർമാർ പറഞ്ഞത്. ഏറെനാൾ ബാലുവുമായി സംസാരിക്കുന്നത് ഒരു യാഥാർഥ്യമായി വിശ്വസിച്ചിരുന്നു. പിന്നീടാണ് ബാലുവും മോളും പോയ കാര്യം പറഞ്ഞത്. ഞാനതു വിശ്വസിക്കാതെ കൗൺസലിങ്ങിനെത്തിയ സൈക്കോളജിസ്റ്റിനോട് ഇറങ്ങിപ്പോകാൻ പറയുകയായിരുന്നുവെന്ന് ലക്ഷ്മി ഓർത്തെടുക്കുന്നു.