യുഎസിൽ നാലം​ഗ കുടുംബത്തിന്റെ മരണം: മൃതദേഹം നാട്ടിലെത്തിക്കില്ല; സംസ്കാരം 22ന്‌ യുഎസിൽ

news image
Feb 20, 2024, 6:40 am GMT+0000 payyolionline.in
കൊല്ലം: അമേരിക്കയിലെ കലിഫോർണിയ സാൻമറ്റെയോയിൽ മരിച്ച കൊല്ലം സ്വദേശികളായ നാലംഗ കുടുംബത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കില്ല. വ്യാഴാഴ്ച സാൻമറ്റെയോയിൽ തന്നെ സംസ്കാരം നടക്കും. ചിതാഭസ്മം വിമാനമാർ​​​ഗം കൊല്ലത്ത് എത്തിക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കി അധികൃതർ മൃതദേഹം കെയർടേക്കർക്കു കൈമാറി.

കൊല്ലം ഫാത്തിമ മാതാ കോളേജ്‌ മുൻ പ്രിൻസിപ്പൽ പട്ടത്താനം വികാസ് നഗർ 57ൽ ജി ഹെൻറിയുടെയും റിട്ട. അധ്യാപിക ശാന്തമ്മയുടെയും മകൻ ആനന്ദ് സുജിത് ഹെൻറി (42), ഭാര്യ ആലീസ് പ്രിയങ്ക (40), ഇരട്ടക്കുട്ടികളായ നോഹ, നെയ്‌ഥൻ (4) എന്നിവരെ 12നാണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യയെയും കുട്ടികളെയും കൊലപ്പെടുത്തിയശേഷം ആനന്ദ് സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ആലീസ് വെടിയേറ്റാണ് മരിച്ചത്. കുട്ടികളുടെ മരണകാരണം സ്ഥിരീകരിക്കാൻ പോസ്റ്റ്മോർട്ടം നടത്തിയെങ്കിലും റിപ്പോർട്ടിലെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

 

പൊലീസ് നി​​ഗമനത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഒരു വർഷത്തോളം ആലീസിന്റെ അമ്മ ജൂലിയറ്റ് ഇവർക്കൊപ്പം സാൻമറ്റെയോയിലെ വീട്ടിലാണ് താമസിച്ചത്. അവിടെനിന്ന് ജൂലിയറ്റ് കേരളത്തിലേക്ക് മടങ്ങിയെത്തിയതിന്റെ പിറ്റേന്നാണ് മരണവാർത്ത അറിയുന്നത്. ആനന്ദിനും കുടുംബത്തിനും സാമ്പത്തിക പ്രതിസന്ധിയോ മറ്റു പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ പറയുന്നു. പുറത്തുനിന്നാരെങ്കിലും ഇതിനു പിന്നിലുണ്ടോ എന്നതടക്കം വിശദമായ അന്വേഷണം വേണമെന്നും നിയമനടപടികളിലേക്ക് കടക്കുമെന്നും ബന്ധുക്കൾ അറിയിച്ചു. ആനന്ദിന്റെ ദുബായിലുള്ള സഹോദരൻ അജിത് ഹെൻറിയും സിം​ഗപ്പൂരിലുള്ള സഹോദരൻ അജീഷ് ഹെൻറിയും സാൻമറ്റെയോ കൗണ്ടിയിൽ എത്തിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe