യൂറോപ്പ് രാജ്യങ്ങളിലേയ്ക്ക് വ്യാജ റിക്രൂട്ട്മെന്റുകള്‍; മുന്നറിയിപ്പുമായി മന്ത്രാലയം

news image
Dec 13, 2023, 2:28 pm GMT+0000 payyolionline.in

തിരുവനന്തപുരം: കാനഡ, ഇസ്രായേൽ, യൂറോപ്പ് രാജ്യങ്ങളിലേയ്ക്ക് വ്യാജ റിക്രൂട്ട്മെന്റുകള്‍ സജീവം ജാഗ്രതാ നിർദേശവുമായി വിദേശകാര്യ മന്ത്രാലയം. കാനഡ, ഇസ്രായേൽ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് തൊഴിൽ വാഗ്ദാനം നൽകി വ്യാജറിക്രൂട്ട്മെന്റ് ഏജന്റുമാർ തൊഴിലന്വേഷകരെ വഞ്ചിക്കുന്നതായി നിരവധി പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

വിദേശകാര്യ മന്ത്രാലയത്തിന്റെ ലൈസൻസ് ഇല്ലാതെയാണ്, ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ ഇത്തരം ഏജന്റുമാർ പ്രവർത്തിക്കുന്നത്. അംഗീകൃത റിക്രൂട്ടിംഗ് ഏജന്റുമാരുടെ സേവനം മാത്രമേ തൊഴിലന്വേഷകര്‍ സ്വീകരിക്കാവൂ. വ്യാജ റിക്രൂട്ടിംഗ് ഏജന്റുമാരിലൂടെ വിദേശത്തേക്ക് പോകുമ്പോൾ വഞ്ചിക്കപ്പെടാനും ഗുരുതരമായ സാഹചര്യങ്ങളില്‍ അകപ്പെടാനും സാധ്യതയുണ്ട്.  അംഗീകൃത ഏജന്റുമാര്‍ അവരുടെ ലൈസൻസ് നമ്പർ ഓഫീസിലും,  പരസ്യങ്ങളിലും പ്രദർശിപ്പിക്കേണ്ടതാണ്. അംഗീകൃത ഏജന്‍സികളെ സംബന്ധിക്കുന്ന വിവരങ്ങള്‍ www.emigrate.gov.in വെബ്സൈറ്റില്‍ ലഭ്യമാമെന്ന്  പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് (തിരുവനന്തപുരം) ശ്രീ.ശ്യാംചന്ദ്.സി (IFS) അറിയിച്ചു.

1983ലെ എമിഗ്രേഷൻ ആക്ട് പ്രകാരം ഏജന്റ് നൽകുന്ന സേവനങ്ങൾക്ക് 30,000 രൂപ+GST(18%)യിൽ കൂടുതൽ പ്രതിഫലമായി ഈടാക്കുവാൻ പാടുള്ളതല്ല. ഇതിന് രസീത് നല്‍കേണ്ടതാണ്. അനധികൃത റിക്രൂട്ട്മെന്റുകള്‍ മനുഷ്യകടത്തിനു തുല്യവും ക്രിമിനൽ കുറ്റമാണ്.

വിദേശതൊഴില്‍ തട്ടിപ്പുകള്‍ക്കെതിരായ പരാതികൾക്കും അന്വേഷണങ്ങൾക്കും  വിദേശകാര്യ മന്ത്രാലയത്തിന്റെ തിരുവനന്തപുരത്തും (ഫോൺ :0471-2336625  ഇ-മെയിൽ : [email protected]) കൊച്ചിയിലുമുളള ( ഫോൺ: 0484-2315400 ഇ-മെയിൽ:: [email protected]) പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് ഓഫീസുകളുമായി ബന്ധപ്പെടാവുന്നതാണ്.  പരാതിനല്‍കാന്‍ ഓപ്പറേഷന്‍ ശുഭയാത്ര പദ്ധതിയും സംസ്ഥാനത്ത് നിലവിലുണ്ട്. പരാതികള്‍ [email protected], [email protected] എന്നീ ഇ മെയിലുകള്‍ വഴിയും, 0471-2721547 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറിലും അറിയിക്കാം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe