രാജ്യവിരുദ്ധമെന്ന് ആരോപിച്ച് കേന്ദ്രസർക്കാർ നിരോധിച്ചത് 150ഓളം വെബ്സൈറ്റുകളും യുട്യൂബ് ചാനലുകളും

news image
Jun 12, 2023, 3:20 am GMT+0000 payyolionline.in

ന്യൂഡൽഹി: രാജ്യവിരുദ്ധമെന്ന് ആരോപിച്ച് കഴിഞ്ഞ രണ്ട് വർഷത്തിനിടെ കേന്ദ്രസർക്കാർ നിരോധിച്ചത് 150ഓളം വെബ്സൈറ്റുകളും യുട്യൂബ് ചാനലുകളും. 2021 മെയ്ക്കു ശേഷമാണ് ഇത്രയും വെബ്സൈറ്റുകളും ചാനലുകളും സർക്കാർ നിരോധിച്ചത്. ഐ.ടി ആക്ടിലെ 69A വകുപ്പ് ലംഘിച്ചുവെന്ന് ആരോപിച്ചാണ് നിരോധനം.

ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കും ഭീഷണിയാവുന്ന ഉള്ളടക്കം പ്രസിദ്ധീകരിക്കുന്ന ചാനലുകൾ നിരോധിക്കാൻ സർക്കാർ ഏജൻസികൾക്ക് അധികാരമുണ്ട്. ഇതിനൊപ്പം രാജ്യത്തിന്റെ പ്രതിരോധരംഗം, രാജ്യസുരക്ഷ, അയൽരാജ്യങ്ങളുമായുള്ള ബന്ധം എന്നിവക്ക് ഭീഷണിയാവുന്ന ഉള്ളടക്കമുള്ള വെബ്സൈറ്റുകളും ചാനലുകളും നിരോധിക്കാനാവും. ഈ നിയമം ഉപയോഗിച്ചാണ് സർക്കാർ ഏജൻസികൾ ഇത്തരത്തിൽ വെബ്സൈറ്റുകളും യുട്യൂബ് ചാനലുകളും നിരോധിച്ചത്.

പേര് പറയാൻ ആഗ്രഹിക്കാത്ത ഐ&ബി ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയത് പ്രകാരം 150ഓളം വെബ്സൈറ്റുകളും യുട്യൂബ് ചാനലുകളും കഴിഞ്ഞ രണ്ട് വർഷത്തിനിടെ നിരോധിച്ചിട്ടുണ്ടെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കബർ വിത്ത് ഫാക്ട്സ്, കബർ തായിസ്, ഇൻഫർമേഷൻ ഹബ്, ഫ്ലാഷ് നൗ, മേര പാകിസ്താൻ, ഹകികാത് കി ദുനിയ, അപ്നി ദുനിയ ടി.വി തുടങ്ങിയ ചാനലുകളെല്ലാം റദ്ദാക്കിയവയിൽ ഉൾപ്പെടും.

കഴിഞ്ഞ ജൂലൈയിൽ 78ഓളം യുട്യൂബ് ചാനലുകളും 560 യുട്യൂബ് ലിങ്കുകളും ​ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പാർലമെന്റിനെ അറിയിച്ചിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കമുള്ള ചാനലുകൾക്കെതിരെ നടപടിയെടുക്കുന്നത് തുടരുമെന്നും താക്കൂർ പറഞ്ഞിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe