ന്യൂഡൽഹി: പുതിയ ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി ‘വണ്‍ നാഷന് വണ്‍ സ്റ്റുഡന്റ്’ തിരിച്ചറിയൽ കാർഡ് പദ്ധതിയുമായി കേന്ദ്രം. ഇതിനായി ഓട്ടോമേറ്റഡ് പെര്‍മനന്റ് അക്കാദമിക് അക്കൗണ്ട് രജിസ്ട്രി (എ.പി.എ.എ.ആർ) തയാറാക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചു. പ്രീ പ്രൈമറി മുതല്‍ ഉന്നത വിദ്യാഭ്യാസ തലം വരെ ഈ കാര്‍ഡ് ഉപയോഗിക്കാനാവുന്ന തലത്തിലാണ് പദ്ധതി തയാറാക്കുന്നത്.
ഇതിനായി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും രക്ഷിതാക്കളുടെ യോഗം വിളിച്ച് കാര്‍ഡ് സംബന്ധിച്ച് വിശദീകരിക്കാൻ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. കാർഡിന് രക്ഷിതാക്കളുടെ അനുമതി തേടണമെന്നും കേന്ദ്രം നിർദേശം നൽകി. ആധാര്‍ കാര്‍ഡിന് പുറമെയുള്ളതായിരിക്കും വിദ്യാർഥി കാർഡ്. വിദ്യാർഥിയുടെ അക്കാദമിക് പുരോഗതി, നേട്ടങ്ങൾ അടക്കം മറ്റുവിവരങ്ങൾ തുടങ്ങിയവ കാർഡ് വഴി ബന്ധപ്പെട്ടവർക്ക് പിന്തുടരാൻ സാധിക്കും.
ശേഖരിക്കുന്ന വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുമെന്നും ആവശ്യമായി വരുമ്പോള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമേ ഈ ഡേറ്റകള്‍ കൈമാറൂവെന്നും സര്‍ക്കാര്‍ പറയുന്നു. സ്കൂള്‍ അധികൃതരാണ് വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിക്കേണ്ടത്. കുട്ടികളുടെ രക്ത ഗ്രൂപ്, ഉയരം, ഭാരം തുടങ്ങിയ വിവരങ്ങൾ ശേഖരിക്കാനും കേന്ദ്ര സർക്കാറിന്റെ യൂനിഫൈഡ് ഡിസ്ട്രിക്ട് ഇൻഫോർമേഷൻ സിസ്റ്റം ഫോർ എജുക്കേഷൻ വെബ്സൈറ്റിൽ നൽകാനും സ്കൂളുകൾക്ക് നിലവിൽ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
ഇതിന് പിന്നാലെയാണ് പുതിയ കാർഡിനായി വിവരങ്ങൾ ശേഖരിക്കേണ്ടി വരുന്നതെന്നും അക്കാദമിക് വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സമയം ഇതുവഴി നഷ്ടമാകുമെന്നും അധ്യാപകർ പരാതിപ്പെടുന്നു. രാജ്യത്തെ എല്ലാ വിദ്യാർഥികളുടെയും ക്യൂആർ കോഡായിരിക്കും എ.പി.എ.എ.ആർ എന്നും അവരുടെ എല്ലാ കഴിവുകളെയും നേട്ടങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ഇവിടെ ലഭിക്കുമെന്നും അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എ.ഐ.സി.ടി.ഇ) ചെയർമാൻ ടി.ജി. സീതാരാമൻ പറഞ്ഞു.