അബുദാബി: ഓടുന്ന വാഹനങ്ങളുടെ സണ്‍റൂഫില്‍ നിന്ന് തല പുറത്തേക്കിടുകയോ ഓടുന്ന വാഹനങ്ങളുടെ ജനാലകളില്‍ ഇരിക്കുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്കി ദുബൈ, അബുദാബി പൊലീസ്. കഴിഞ്ഞ വര്‍ഷം നിരവധി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്. ഓടുന്ന വാഹനങ്ങളില്‍ നിന്ന് വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
ഇത്തരത്തില്‍ ചെയ്യുന്നവര്‍ സ്വന്തം ജീവന് മാത്രമല്ല മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുകയാണെന്ന് ദുബൈ പൊലീസ് ട്രാഫിക് വിഭാഗം മേധാവി മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്റൂയി പറഞ്ഞു. നിയമം ലംഘിക്കുന്നവര്‍ക്ക് ഫെഡറല്‍ ട്രാഫിക് നിയമപ്രകാരം ശിക്ഷ ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടും. 2,000 ദിര്‍ഹം വരെ പിഴയും 23 ട്രാഫിക് ബ്ലാക് പോയിന്റുകളും ശിക്ഷ ലഭിക്കും. കണ്ടുകെട്ടിയ വാഹനം വിട്ടുകിട്ടാന്‍ 50,000 ദിര്‍ഹം അടയ്ക്കേണ്ടിയും വരും.
ചലിക്കുന്ന വാഹനങ്ങളുടെ വിൻഡോയിൽ ഇരിക്കുകയോ മേൽക്കൂരയിൽ നിന്ന് തല പുറത്തിടുകയോ ചെയ്യുന്നത് അപകടകരമാണെന്നും അത് ഗുരുതരമായ പരുക്കുകൾക്ക് കാരണമാകുമെന്നും അൽ മസ്റൂയി പറഞ്ഞു. പ്രത്യേകിച്ചും വാഹനം പെട്ടെന്ന് നിർത്തുകയോ കൂട്ടിയിടിക്കുകയോ ചെയ്താൽ കൂടുതൽ അപകടങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്യും. ട്രാഫിക് അപകടങ്ങൾ കുറയ്ക്കുക എന്നത് ഒരു കൂട്ടായ ഉത്തരവാദിത്തമാണെന്നും ഇതിനെതിരെ പൊലീസിന്റെയും സമൂഹത്തിന്റെയും പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.