സിഎംആർഎൽ-എക്സാലോജിക് ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടിക്ക് നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വെള്ളിയാഴ്ച കൊച്ചി ഓഫിസിൽ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് കാണിച്ചാണ് ഇഡി സമൻസ് അയച്ചിരിക്കുന്നത്. വീണയ്ക്കും സിഎംആർംഎൽ ഉദ്യോഗസ്ഥർക്കും ഉൾപ്പെടെ 9 പേർക്കാണ് ഇപ്പോൾ ഇഡി സമൻസ് നൽകിയിരിക്കുന്നതെന്നാണ് വിവരം.
ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ സിഎംആർഎൽ തിരിച്ചടി നേരിടുകയും രേഖകൾ ഇ ഡിക്ക് കൈമാറണമെന്ന് ഹൈക്കോടതി പറയുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഇ ഡിയുടെ നടപടി. വീണ ടിയുടേത് ഉൾപ്പെടെയുള്ള വീടുകളിലും ഓഫിസുകളിലും നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത നിർണായക രേഖകൾ കൂടി വച്ചുകൊണ്ടാകും ഇ ഡി ചോദ്യങ്ങൾ ചോദിക്കുക. കേസിൽ ഇ ഡി പരമാവധി രേഖകളും ഡിജിറ്റൽ വിവരങ്ങളും പണമിടപാട് സംബന്ധിച്ച രേഖകളും ശേഖരിച്ച് കഴിഞ്ഞെന്നാണ് പുറത്തുവരുന്ന വിവരം. പിണറായി വിജയന്റെ വീട്ടിലടക്കം ഇ ഡി റെയ്ഡിനായി കയറിയപ്പോൾ സിപിഐഎം പ്രവർത്തകർ അതിശക്തമായ പ്രതിഷേധമുയർത്തുകയും ഇഡി ഉദ്യോഗസ്ഥരെത്തിയ വാഹനങ്ങൾ അടക്കം തകർക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിൽ വേഗത്തിലുള്ളതും കരുതലോടെയുള്ളതുമായ നീക്കങ്ങളാണ് ഇ ഡി ഈ കേസിൽ നടത്തിവരുന്നത്.
സിഎംആർഎൽ – എക്സാലോജിക്ക് ഇടപാടിലെ നിർണായക രേഖകൾ ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച അപേക്ഷ ഇന്നലെയാണ് കോടതി അംഗീകരിച്ചിരുന്നത്. എസ്എഫ്ഐഒ റിപ്പോർട്ടിന്റെ അനുബന്ധമായ രേഖകളാണ് ഇഡി ആവശ്യപ്പെട്ടത്. വീണ ടി – CMRL കരാർ, വീണയുടെ ഐടി റിട്ടേൺസ് രേഖകൾ അടക്കമാണ് ഇഡി ആവശ്യപ്പെട്ടത്. രേഖകൾ കൈമാറാൻ തടസമില്ലെന്ന് എസ്എഫ്ഐഒ അറിയിച്ചു. രേഖകൾ നൽകരുതെന്ന സിഎംആർഎൽ വാദം, കമ്പനിക്കാര്യ കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതി ഇന്നലെ തള്ളിയിരുന്നു.
