കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതിയിൽ വനിതകൾക്ക് നൽകുക ഡമ്മി ടിക്കറ്റ്. സ്റ്റാർട്ടിങ് പോയിന്റും എൻഡിങ് പോയിന്റും മാർക്ക് ചെയ്തുകൊണ്ടുള്ള ടിക്കറ്റുകളാകും വനിതകൾക്ക് നൽകുക. 3200 ഓർഡിനറി സർവീസുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. മറ്റു ബസ്സുകളിലേക്ക് വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് പഠനം ആരംഭിച്ചു.
ടിക്കറ്റിങിൽ FEMALE /TRANSGENDER എന്നുള്ളതും ക്രമീകരിക്കും. 3200 ഓർഡിനറി സർവീസുകളിലാണ് ആദ്യഘട്ടത്തിൽ സൗജന്യയാത്ര നടപ്പിലാക്കാൻ പോകുന്നത്. സൗജന്യ യാത്ര മറ്റു ബസ്സുകളിലേക്ക് വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് പഠനം ആരംഭിച്ചുകഴിഞ്ഞു. സൗജന്യ യാത്ര നടപ്പിലാക്കുന്നത് വകുപ്പ് തലത്തിലെ രണ്ടു സർവേകൾക്ക് ശേഷമായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സ്ത്രീകളുടെ സൗജന്യ യാത്ര ഫലപ്രദമായി നടപ്പിലാക്കാൻ 500 ബസുകൾ എങ്കിലും അധികമായി വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. ഇതിനായി സ്വകാര്യ ബസുകൾ വാടകയ്ക്ക് എടുക്കാനും ആലോചനയുണ്ടെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.
15-ാം തിയതി മുതൽ സൗജന്യയാത്ര നടപ്പിലാക്കുമെന്നാണ് സർക്കാർ ആവർത്തിച്ച് പറയുന്നത്. ഈ മാസം 10ന് ചേരുന്ന ക്യാബിനറ്റ് യോഗത്തിൽ അന്തിമ തിരുമാനമുണ്ടാകും. എപിഎൽ, ബിപിഎൽ, സാമ്പത്തിക, സാമൂഹിക വ്യത്യാസമില്ലാതെ എല്ലാ സ്ത്രീകൾക്കും സൌജന്യം ലഭിക്കും. ട്രാൻസ് ജെൻഡേഴ്സിനും സൗജന്യമായി യാത്ര ചെയ്യാം. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതോടെ ടിക്കറ്റ് വരുമാനത്തിലുണ്ടാകുന്ന നഷ്ടം പൂർണ്ണമായും സർക്കാർ ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും ഗതാഗത മന്ത്രി സിപി ജോൺ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
