എ.ഐ കാമറ: മേയ് 20 മുതൽ പിഴ, ബൈക്കിൽ മൂന്നാമതുള്ള കുട്ടിക്ക് ഇളവ് നൽകൽ പരിഗണിക്കും -മന്ത്രി

news image
May 6, 2023, 7:57 am GMT+0000 payyolionline.in

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾക്ക് എ.ഐ കാമറകൾ വഴി മേയ് 20 മുതൽ പിഴ ഈടാക്കിത്തുടങ്ങുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ഇരുചക്രവാഹനത്തിൽ മൂന്നാമത്തെ യാത്രികനായി 12 വയസ്സിൽ താഴെയുള്ള കുട്ടിയെ കൊണ്ടുപോകുമ്പോൾ പിഴ ഒഴിവാക്കാനാകുമോയെന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇരുചക്ര വാഹനത്തിൽ രണ്ട് പേർക്ക് മാത്രമേ യാത്രചെയ്യാനാകൂവെന്ന കേന്ദ്ര മോട്ടോർ വാഹന നിയമം മാറ്റാനുള്ള അധികാരം സംസ്ഥാനങ്ങൾക്കില്ല. 12 വയസിൽ താഴെയുള്ള ഒരു കുട്ടിയെ കൂടി ഇരുചക്ര വാഹനത്തിൽ കൊണ്ടുപോകുന്നതിന് അനുവാദം നൽകാൻ ഈ നിയമത്തിൽ ഇളവ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന കാര്യം 19ന് ചേരുന്ന ഉന്നത യോഗം പരിഗണിക്കും -മന്ത്രി പറഞ്ഞു.

കേന്ദ്രത്തിന്‍റെ തീരുമാനം വരുന്നത് വരെ പിഴ ഒഴിവാക്കാൻ സംസ്ഥാനത്തിന് കഴിയുമോയെന്ന കാര്യം പരിഗണിക്കും. സംസ്ഥാനത്തെ എ.ഐ കാമറകൾ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ഒരു മാസത്തേക്കാണ് ബോധവത്കരണം. മേയ് 20 മുതൽ നിയമലംഘനങ്ങൾക്ക് പിഴയീടാക്കിത്തുടങ്ങും -മന്ത്രി പറഞ്ഞു.

എ.ഐ കാമറ വന്നതിന് ശേഷം ഇരുചക്ര വാഹനങ്ങളിൽ കുട്ടികളെ കൊണ്ടു പോയാൽ പിഴ ഇടാക്കുമെന്നതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് സർക്കാർ ഒരു മാസം ബോധവത്കരണത്തിനായി സമയം നൽകിയിരുന്നു. ഇതിന് ശേഷമാണ് 12 വയസിന് താഴെ പ്രായമുള്ള ഒരു കുട്ടിയെ ഇരുചക്ര വാഹനത്തിൽ രണ്ടാള്‍ക്കൊപ്പം കൊണ്ടുപോകാൻ കേന്ദ്ര സർക്കാറിനോട് അനുതി തേടുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe