ഡ്രോൺ വഴി രക്തമെത്തിക്കാനുള്ള പദ്ധതി രാജ്യത്ത് യാഥാർഥ്യമാകുന്നു

news image
May 11, 2023, 8:27 am GMT+0000 payyolionline.in

ന്യൂഡൽഹി: അപകടങ്ങളിലും മറ്റ് അത്യാഹിതങ്ങളിലും പെടുന്നവർ രക്തത്തിനായി കാത്തിരിക്കുന്ന സാഹചര്യത്തിന് രാജ്യത്ത് പരിഹാരമാകും. ഡ്രോൺ വഴി രക്തമെത്തിക്കുന്ന പദ്ധതിയുടെ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി. ഇതുവഴി വിദൂര ആശുപത്രികളിൽ രക്തം കിട്ടാതെ ചികിത്സ മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാനാകും.

ഐ.സി.എം.ആറിന്‍റെ നേതൃത്വത്തിലാണ് ഡ്രോൺ വഴി രക്തം സുരക്ഷിതമായി കൊണ്ടുപോകുന്നതിന്‍റെ ട്രയൽ റൺ നടത്തിയത്. ‘ഐ ഡ്രോൺ’ എന്ന സംവിധാനം വഴിയാണ് രക്തബാഗ് കൃത്യമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചത്. ആരോഗ്യമേഖലയിൽ ഡ്രോണുകളെ കൂടുതലായി ഉപയോഗപ്പെടുത്തുക ലക്ഷ്യമിട്ടാണ് ഐ ഡ്രോൺ പദ്ധതി തുടങ്ങിയത്. കോവിഡ് രൂക്ഷമായിരുന്ന കാലത്ത് വിദൂര സ്ഥലങ്ങളിൽ വാക്സിനുകൾ എത്തിക്കാൻ ഐ ഡ്രോണുകൾ ഉപയോഗിച്ചിരുന്നു.

‘രക്തവും അനുബന്ധ വസ്തുക്കളും ഡ്രോൺ വഴി വിജയകരമായി എത്തിച്ചിരിക്കുകയാണ്. കുറഞ്ഞ താപനിലയിൽ സൂക്ഷിക്കേണ്ട വസ്തുക്കളാണ് ഇവ. പരീക്ഷണത്തിൽ ഇവയുടെ താപനില കൃത്യമായി നിലനിർത്താൻ സാധിച്ചു. മാത്രവുമല്ല, രക്തത്തിനും മറ്റും ഒരു തകരാറും സംഭവിക്കാതെ എത്തിക്കാനും കഴിഞ്ഞു’ -ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ഡോ. രാജീവ് ബാൽ പറഞ്ഞു. ആംബുലൻസിൽ കൊണ്ടുപോകുന്നതുപോലെ സുരക്ഷിതമാണെന്ന് കണ്ടാൽ ഡ്രോൺ വഴി രക്തമെത്തിക്കൽ രാജ്യമെങ്ങും വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe