ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. രാജ്യത്തെ തന്നെ ധനമന്ത്രിമാരിൽ ഏറ്റവും മികച്ച മന്ത്രിയെന്ന് പേരുള്ള പി.ടി.ആര്‍.പളനിവേല്‍ ത്യാഗരാജന് ഇത്തവണത്തെ അഴിച്ചുപണിയിൽ സ്ഥാനമാറ്റമുണ്ട്. ഓഡിയോ ക്ലിപ്പ് വിവാദത്തെ തുടര്‍ന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ അപ്രീതിക്കു പാത്രമായതിനു പിന്നാലെയാണ് ത്യാഗരാജന് സ്ഥാനമാറ്റം എന്നതും ശ്രദ്ധേയം.
അദ്ദേഹത്തിന് ഐ.ടി വകുപ്പിന്റെ ചുമതലയാണ് നല്‍കിയത്. ഡി.എം.കെയുടെ അഴിമതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഓഡിയോ ക്ലിപ്പ് പുറത്തു വന്നത് പാര്‍ട്ടിക്കും സര്‍ക്കാരിനും കടുത്ത ക്ഷീണമുണ്ടാക്കിയിരിക്കെയാണ് പി.ടി.ആറിന്റെ ധനമന്ത്രി സ്ഥാനം തെറിച്ചത്.
ഇദ്ദേഹത്തെ ധനമന്ത്രിയായി നിലനിര്‍ത്താന്‍ പലവട്ടം ചര്‍ച്ചകള്‍ നടന്നെങ്കിലും സ്റ്റാലിന്‍ അയഞ്ഞില്ല. വ്യവസായ മന്ത്രിയായിരുന്ന തങ്കം തെന്നരശായിരിക്കും പുതിയ ധനമന്ത്രി. നിലവിലെ ഐ.ടി മന്ത്രിയായിരുന്ന മനോ തങ്കരാജ് ഇനി ക്ഷീരവകുപ്പിന്റെ ചുമതല നിര്‍വഹിക്കും. പുതുതായി മന്ത്രിസ്ഥാനം ലഭിച്ച മന്നാര്‍ഗുഡി നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള ടി.ആര്‍.ബി.രാജ വ്യവസായ മന്ത്രിയാകും.