ബേപ്പൂർ : ഇൻഷുറൻസ് എടുക്കാത്ത മത്സ്യത്തൊഴിലാളികളെ കടലിൽപ്പോകാൻ അനുവദിക്കില്ലെന്ന ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ പ്രസ്താവന ഇൻഷുറൻസ് കമ്പനികൾക്ക് വേണ്ടിയുള്ള വക്കാലത്താണെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്സൺ പൊള്ളയിൽ.
ഇൻഷുറൻസ് എടുക്കാത്തവരേയും കടലിൽപ്പോകാൻ അനുവദിക്കണം. പ്രകൃതിക്ഷോഭ ദുരന്ത നിവാരണത്തിൽപ്പെടുത്തി നഷ്ടപരിഹാരം നൽകാൻ തയ്യാറാകാത്ത സർക്കാർ സാമൂഹിക സുരക്ഷ ഇൻഷുറൻസ് കമ്പനികളെ ഏല്പിച്ച് കൈകഴുകുകയാണ്.
കടലിൽ അപകടത്തിൽപ്പെട്ട് ജീവൻ പൊലിയുന്നവരിൽ 60 ശതമാനവും ഹൃദയസ്തംഭനം മൂലമാണ്. ഇത്തരം സംഭവങ്ങളിൽ ഇൻഷുറൻസ് കമ്പനികൾ ആനുകൂല്യം നിഷേധിക്കുന്ന സാഹചര്യം മറച്ചുവെച്ചാണ് മന്ത്രി പ്രസ്താവന നടത്തിയതെന്നും ജാക്സൺ പറഞ്ഞു.