ന്യൂഡൽഹി: പ്രാദേശിക കോടതി നിരാക്ഷേപപത്രം (എൻ.ഒ.സി) നൽകിയ രണ്ടു ദിവസം കഴിഞ്ഞ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് സാധാരണ പാസ്പോർട്ട് ലഭിച്ചു. തിങ്കളാഴ്ച യു.എസിലേക്ക് പുറപ്പെടാനിരിക്കെ ഞായറാഴ്ച ഉച്ചക്കു ശേഷമാണ് കൈപ്പറ്റിയത്.
തിങ്കളാഴ്ച വൈകീട്ട് സാൻഫ്രാൻസിസ്കോയിലേക്ക് പുറപ്പെടുന്ന രാഹുൽ ഗാന്ധി സ്റ്റാൻഫോഡ് സർവകലാശാല വിദ്യാർഥികളുമായും വാഷിങ്ടൺ ഡി.സിയിൽ സാമാജികർ ഉൾപ്പെടെ പ്രമുഖരുമായും സംവദിക്കും.മൂന്നു ദിവസ പര്യടനത്തിനിടെ അമേരിക്കയിലെ ഇന്ത്യൻവംശജർ, പ്രമുഖ ബുദ്ധിജീവികൾ, വാൾ സ്ട്രീറ്റ് ഉദ്യോഗസ്ഥർ എന്നിവരെയും കാണും. ജൂൺ നാലിന് ന്യൂയോർക്കിൽ നടക്കുന്ന വൻ പൊതുസമ്മേളനത്തോടെയാകും സമാപനം.
ന്യൂയോർക്കിലെ ജാവിറ്റ്സ് സെന്ററിലാണ് പരിപാടി. ‘മോദി അപകീർത്തി’ കേസിൽ ശിക്ഷിക്കപ്പെട്ട് പാർലമെന്റ് അംഗത്വം നഷ്ടമായ രാഹുൽ ഗാന്ധി നയതന്ത്ര പാസ്പോർട്ട് സറണ്ടർ ചെയ്തിരുന്നു. ഇതേ തുടർന്നാണ് സാധാരണ പാസ്പോർട്ടിന് അപേക്ഷിച്ചത്.
എന്നാൽ, സാധാരണപോലെ 10 വർഷത്തേക്ക് നൽകുന്നതിന് പകരം മൂന്നു വർഷത്തേക്കാണ് ഡൽഹി കോടതി അനുമതി നൽകിയത്. നാഷനൽ ഹെറാൾഡ് കേസിൽ വിചാരണ നടപടികൾ തുടരുന്നതിനാൽ 10 വർഷത്തേക്ക് അനുവദിക്കാനാവില്ലെന്നായിരുന്നു കോടതിനിലപാട്.