മരുന്ന് സംഭരണശാലകളിലെ തുടർ തീപിടിത്തം; ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി ആരോഗ്യമന്ത്രി, മൗനം തുടർന്നു

news image
May 30, 2023, 10:29 am GMT+0000 payyolionline.in

തിരുവനന്തപുരം: കെഎംഎസ്‍സിഎൽ ഗോഡൗണുകളിലെ തുടർച്ചയായ തീപ്പിടുത്തങ്ങളിൽ ഇന്നും പ്രതികരിക്കാതെ ആരോഗ്യമന്ത്രി വീണാ ജോർജ്. പിന്നീട് പ്രതികരിക്കാമെന്ന് പറഞ്ഞ് ഇന്നും ചോദ്യങ്ങളിൽ നിന്ന് മന്ത്രി ഒഴിഞ്ഞുമാറി. അതിനിടെ, നിലവിൽ സ്റ്റോക്കുള്ള ബ്ലീച്ചിങ് പൗഡറുകൾ ആശുപത്രികളിലെ സ്റ്റോറുകളിൽ നിന്ന് മറ്റൊരിടത്തേക്ക് മാറ്റാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി.

പത്ത് ദിവസത്തിനുള്ളിൽ മൂന്ന് ഗോഡൗണുകൾ കത്തി, കോടികളുടെ നഷ്ടമുണ്ടായി, തീകെടുത്തുന്നതിനിടെ ഒരു ഫയർമാൻ മരിച്ചു, തീപ്പിടുത്തത്തിന് കാരണമായെന്ന് കരുതുന്ന ടൺകണക്കിന് ബ്ലീച്ചിങ് പൗഡർ ഇപ്പോഴും പുകയുന്ന ബോംബായി ഗോഡൗണുകളിൽ കെട്ടിക്കിടക്കുകയാണ്. പക്ഷേ, ഈ ചൂടും പുകയുമൊന്നും പക്ഷെ ആരോഗ്യവകുപ്പിനില്ല. സമഗ്രാന്വേഷണം സംബന്ധിച്ച് വ്യക്തതയില്ല. കെമിക്കൽ അനാലിസിസി റിപ്പോർട്ടിനെക്കുറിച്ച് വിവരങ്ങളില്ല. അഴിമതി ആരോപണങ്ങളിൽ മറുപടിയോ മൂന്നിടത്തും തീപ്പിടുത്തത്തിനുണ്ടായ വ്യക്തമായ കാരണമെന്തെന്നോ പറഞ്ഞിട്ടില്ല. ഇന്ന് എല്ലാത്തിനും മറുപടി പറയാമെന്ന് ഇന്നലെ പറഞ്ഞ മന്ത്രി ഇന്നും മിണ്ടില്ല.

ഗോഡൗണുകളിൽ നിന്ന് മാത്രമല്ല, ആശുപത്രികളിൽ ഉൾപ്പടെ ആരോഗ്യവകുപ്പിന്റെ എല്ലാ സ്ഥാപനങ്ങളിലെയും പ്രധാന സ്റ്റോറുകളിൽ നിന്ന് ബ്ലീച്ചിങ് പൗഡർ മാറ്റാൻ ഇതിനിടെ ആരോഗ്യവകുപ്പ് നിർദേശം നൽകി. ഇനിയും ദുരന്തമുണ്ടാകുമെന്ന് വകുപ്പിന് തന്നെ പേടിയുണ്ടെന്ന് വ്യക്തം. എന്നാല്‍, മരുന്നുകളും ബ്ലീച്ചിങ് പൗഡറും വെവ്വേറെ സൂക്ഷിക്കാൻ സ്ഥലമില്ലാതെ ബുദ്ധിമുട്ടിലാണ് മിക്ക ആശുപത്രികളും. ഇവിടങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് സൗകര്യം ഉണ്ടാക്കണമെന്ന കർശന നിർദേശവുമുണ്ട്.  തിരിച്ചെടുക്കാൻ പറഞ്ഞ ബ്ലീച്ചിങ് പൗഡർ സ്റ്റോക്ക് കമ്പനികളൊന്നും ഇതുവരെ തിരിച്ചെടുത്തിട്ടില്ല.  പകരം ഉപയോഗിക്കാൻ ബ്ലീച്ചിങ് പൗഡർ എവിടെ നിന്ന് കിട്ടും എന്ന ചോദ്യത്തിനും മറുപടിയില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe