കൊച്ചി: വിദ്യാഭ്യാസ വായ്പകൾ അനുവദിക്കുന്നതിൽ ബാങ്കുകൾ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് ഹൈകോടതി. സിബിൽ സ്കോർ കുറവാണെന്ന പേരിൽ വിദ്യാഭ്യാസ വായ്പ നിഷേധിക്കരുതെന്നും വിദ്യാർഥികൾ നാളെ നാടിനെ നയിക്കേണ്ടവരാണെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
പിതാവിന്റെ സിബിൽ സ്കോർ കുറവാണെന്ന പേരിൽ ബാങ്ക് അധികൃതർ വിദ്യാഭ്യാസ വായ്പ നിഷേധിച്ചത് ചോദ്യം ചെയ്ത് ഭോപാലിൽ എൻജിനീയറിങ് വിദ്യാർഥിയായ ആലുവ സ്വദേശി നോയൽ പോൾ ഫ്രഡറിക് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. പിതാവിന്റെ പേരിലുണ്ടായിരുന്ന രണ്ടു വായ്പയിലൊന്ന് എഴുതിത്തള്ളുകയും മറ്റൊന്നിൽ 16,667 രൂപ കുടിശ്ശികയുമുണ്ടായിരുന്നതിനെ തുടർന്നാണ് ബാങ്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതെന്ന് ഹരജിയിൽ പറയുന്നു. വിദ്യാഭ്യാസ വായ്പയായി ഹരജിക്കാരന് 4.07 ലക്ഷം രൂപ നൽകാൻ എസ്.ബി.ഐക്ക് കോടതി നിർദേശം നൽകി.