ആലപ്പുഴയിൽ 2 ഹൗസ്ബോട്ടുകൾ പിടിച്ചെടുത്തു; പരിശോധിച്ചത് 14 ബോട്ടുകൾ‌, 6 എണ്ണത്തിന് പിഴയടക്കാൻ നോട്ടീസ്

news image
May 31, 2023, 10:07 am GMT+0000 payyolionline.in

ആലപ്പുഴ: ആലപ്പുഴയില്‍ രണ്ട് ഹൗസ് ബോട്ടുകൾ പിടിച്ചെടുത്തു. പുന്നമടയില്‍ തുറമുഖവകുപ്പും പൊലീസും നടത്തിയ പരിശോധനയിലാണ് ബോട്ടുകൾ പിടിച്ചെടുത്തത്. നിയമാനുസൃതമായ ഒരു രേഖകളും ബോട്ടുകളിലില്ല. ബോട്ടുകള്‍ തുറമുഖ വകുപ്പിന്റെ യാര്‍ഡിലേക്ക് മാറ്റും. 6 ബോട്ടുകള്‍ക്ക് പിഴയടക്കാൻ നോട്ടീസ് നല്‍കി. 45000 രൂപ പിഴയിട്ടു. 14 ഹൗസ് ബോട്ടുകളാണ് ആകെ പരിശോധിച്ചത്. അനധികൃതമായി സര്‍വീസ് നടത്തിയ ഒരു ഹൗസ് ബോട്ട് കഴിഞ്ഞ ദിവസം മുങ്ങിയിരുന്നു.

കഴിഞ്ഞ ദിവസം വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ട് മുങ്ങിയിരുന്നു. ആലപ്പുഴ പുളിങ്കുന്നിലാണ് സംഭവം. റിലാക്സ് കേരള എന്ന ഹൗസ് ബോട്ടാണ് വെള്ളത്തിൽ മുങ്ങിത്താഴ്ന്നത്. അപകട സമയത്ത് മൂന്ന് യാത്രക്കാർ ബോട്ടിൽ ഉണ്ടായിരുന്നു. ബോട്ട് മുങ്ങിത്താഴുന്നതിന് മുൻപ് മറ്റ് ഹൗസ് ബോട്ടുകളിലും സ്പീഡ് ബോട്ടുകളിലുമായി എത്തിയവർ യാത്രക്കാരെ രക്ഷിച്ചു. ഇവരെ മറ്റൊരു ബോട്ടിൽ കയറ്റി.

 

അടിത്തട്ടിലൂടെ വെള്ളം കയറിയതാണ് ബോട്ട് മുങ്ങിത്താഴാൻ കാരണം എന്നാണ് ലഭിക്കുന്ന വിവരം. കായലിൽ സ്ഥാപിച്ച ഒരു കുറ്റിയിൽ ഇടിച്ച് ബോട്ടിന്റെ അടിപ്പലക തകർന്നതാണ് വെള്ളം കയറാൻ കാരണമെന്ന് സംശയിക്കുന്നു. കാലപ്പഴക്കമുള്ള ബോട്ടാണ് മുങ്ങിത്താഴ്ന്നത്. ചാണ്ടി ഫിലിപ്പ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിൽ ഉള്ള ബോട്ടാണ് അപകടത്തിൽ പെട്ടത്. അനസ് എന്ന മറ്റൊരു വ്യക്തി ഈ ബോട്ട് ലീസിനെടുത്ത് ഉപയോഗിക്കുകയായിരുന്നു. നിയമസാധുതയുള്ള ഒരു രേഖയും ബോട്ടിലുണ്ടായിരുന്നില്ല. ബോട്ടിന്റെ രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ ശേഷം പുതുക്കിയിട്ടില്ലെന്നും അപകടത്തിന് ശേഷം വ്യക്തമായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe