ലോകകേരള സഭാ സമ്മേളനത്തിന് സ്പോൺസർമാർ പണം പിരിക്കുന്നതിൽ എന്താണ് തെറ്റ്: എ കെ ബാലൻ

news image
Jun 2, 2023, 7:57 am GMT+0000 payyolionline.in

തിരുവനന്തപുരം> ലോക കേരള സഭയുടെ മേഖലാ സമ്മേളന നടത്തിപ്പിന് സ്പോൺസർമാർ പണം പിരിക്കുന്നതിൽ എന്താണ് തെറ്റുള്ളതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ. ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് സഹകരിക്കുമ്പോള്‍ എന്തിനാണ് ഈ അസൂയ . അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് പ്രവാസികളെ പ്രതിപക്ഷം അപമാനിക്കുകയാണെന്നും എ കെ ബാലൻ പറഞ്ഞു.

പരിപാടിക്ക് പണം പിരിക്കുന്നത് സ്‌പോണ്‍സര്‍മാരാണ്. അല്ലാതെ മന്ത്രിയല്ലല്ലോ. പണത്തിന്റെ ദുരുപയോഗം നടക്കുമോ എന്നറിയാന്‍ ഓഡിറ്റ് നടത്തുന്നുണ്ടെന്ന് സംഘാടകസമിതി വെെസ ചെയർമാൻ അറിയിച്ചിട്ടുണ്ട്. പിന്നെ എന്തിനാണ് പ്രവാസികളെ സംശയിക്കുന്നത്. ഇവിടെനിന്ന് കാശ് എടുക്കാനും പറ്റില്ല. അവിടെനിന്നുള്ള ആളുകളുടെ സാമ്പത്തിക സ്രോതസ്സ് ഉപയോഗിക്കാനും പാടില്ലയെന്നാണ് പ്രതിപക്ഷത്തിന്.

ലോക കേരള സഭ എന്നത് വിവിധ രാജ്യങ്ങളിലെ മലയാളികളുടെ ഒരു കുടുംബസംഗമമാണ്. ഈ സങ്കല്‍പം തന്നെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്തുനിന്ന് വന്ന ഒരു അദ്ഭുതമാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് ഇതിന്റെ ആരംഭം. അതിൽ മലയാളികള്‍ മനസ്സറിഞ്ഞ് സഹകരിക്കുന്നതില്‍ എന്തിനാണ് അസൂയയെന്നും അദ്ദേഹം ചോദിച്ചു.ഒന്ന്, രണ്ട്, മൂന്ന് സമ്മേളനങ്ങള്‍ പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ഇപ്പോള്‍ മേഖലാ സമ്മേളനങ്ങളും ബഹിഷ്‌കരിക്കുകയാണ്. ഇത് എന്തിനു വേണ്ടിയാണെന്നും ബാലന്‍ ചോദിച്ചു.

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഇമേജ് മറ്റൊരിക്കലും ഇല്ലാത്ത വിധത്തില്‍ ഉയര്‍ന്നിരിക്കുകയാണ്. വികസനകാര്യത്തിൽ പുതിയ മാതൃക കേരള സര്‍ക്കാര്‍ സൃഷ്ടിച്ചു. അതിന്റെ ഭാഗമായി പ്രവാസികള്‍ക്ക് വലിയ ആശ്വാസമാണ് ഇപ്പോള്‍ ഉള്ളത്. നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു. പ്രവാസി പോര്‍ട്ടല്‍ നടപ്പിലാക്കി. മുമ്പ് പ്രവാസികളുടെ പ്രശ്നങ്ങൾ ആരും നോക്കില്ലായിരുന്നു. എന്നാല്‍, ഇന്ന് പ്രവാസി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താല്‍ കേരള സര്‍ക്കാര്‍ ഇടപെടും. പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും എ കെ ബാലൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe