ഒഡീഷ ട്രെയിൻ ദുരന്തം; അപകടസ്ഥലത്തെത്തി പ്രധാനമന്ത്രി

news image
Jun 3, 2023, 11:10 am GMT+0000 payyolionline.in

ബാലസോർ∙ ഒഡ‍ീഷയിലെ ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടസ്ഥലത്തെത്തി. ദുരന്തസ്ഥലം കൂടാതെ, ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെയും അദ്ദേഹം സന്ദർശിക്കും. സ്ഥിതിഗതികൾ വിലയിരുത്താനായി പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം അപകടസ്ഥലം സന്ദർശിക്കുമെന്നു പ്രഖ്യാപിച്ചത്.

റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി സംസാരിച്ചതായും പരുക്കേറ്റവർക്കു സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നു പ്രധാനമന്ത്രി ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. 238 പേരാണു ബാലസോർ ട്രെയിൻ അപകടത്തിൽ മരിച്ചത്. 650 ലേറെ പേർക്കു പരുക്കേറ്റു. പാളം തെറ്റിയ കോച്ചുകളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.

നിരവധി പേർ തകർന്ന കോച്ചുകൾക്കിടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്റ്റേഷനു സമീപം പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്കു മറിഞ്ഞ ബെംഗളൂരു–ഹൗറ (12864) സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലേക്ക് കൊൽക്കത്തയിലെ ഷാലിമാറിൽ നിന്നു ചെന്നൈ സെൻട്രലിലേക്കു പോകുകയായിരുന്ന കൊറമാണ്ഡൽ എക്സ്പ്രസ് (12841) ഇടിച്ചുകയറുകയായിരുന്നു. മറിഞ്ഞുകിടന്ന കൊറമാണ്ഡൽ എക്സ്പ്രസിന്റെ കോച്ചുകളിലേക്ക് മറ്റൊരു ട്രാക്കിലൂടെ വന്ന ഗുഡ്സ് ട്രെയിനും ഇടിച്ചുകയറിയത് ദുരന്തത്തിന്റെ ആഘാതമിരട്ടിപ്പിച്ചു.

ഇന്നലെ രാത്രി 7.20നായിരുന്നു അപകടം. വ്യോമസേന, ദേശീയ ദുരന്തനിവാരണ സേന, റെയിൽവേ സുരക്ഷാ സേന, ഒഡീഷ ദുരന്തനിവാരണ സേന ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിനു രംഗത്തുണ്ട്. അപകടകാരണം കണ്ടെത്താൻ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവർ അനുശോചിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി പ്രധാനമന്ത്രി സ്ഥിതിഗതികൾ ചർച്ച ചെയ്തു. അശ്വിനി വൈഷ്ണവ് സംഭവസ്ഥലം സന്ദർശിച്ചു. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നാടിക്കും അപകട സ്ഥലം സന്ദർശിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe