തിരുവനന്തപുരം : കന്യാകുമാരി വന്യജീവിസങ്കേതത്തിലെ കളക്കാട് മുണ്ടൻതുറ കടുവാസങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ ആരോഗ്യം വീണ്ടെടുക്കുന്നതായി തമിഴ്‌നാട് വനംവകുപ്പ്. ആന ‘ഉഷാർ’ ആണെന്നും തീറ്റതേടുന്നുണ്ടെന്നും തമിഴ്‌നാട് വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയാ സാഹു ട്വീറ്റ് ചെയ്‌തു. ഇതോടൊപ്പം അരിക്കൊമ്പൻ പുല്ല് പറിച്ച്, വെള്ളത്തിൽമുക്കി ചെളികുടഞ്ഞുകളഞ്ഞ് തിന്നുന്നതിന്റെ വീഡിയോയും അവർ പങ്കുവച്ചിട്ടുണ്ട്.
അരിക്കൊമ്പന്റെ റേഡിയോ കോളർ സിഗ്‌നൽ തമിഴ്‌നാടിന് ലഭിച്ചുതുടങ്ങി. ആനയെ നിരീക്ഷിക്കുന്നതിന് 16 അംഗ ടീമിനെയാണ് തമിഴ്‌നാട് വനംവകുപ്പ് നിയോഗിച്ചിട്ടുള്ളത്. രണ്ട് ഡെപ്യൂട്ടി ഡയറക്ടർമാർ, നാല് റേഞ്ച് ഓഫീസർമാർ, 10 വാച്ചർമാർ എന്നിവരുൾപ്പെട്ട സംഘത്തെ ആനയെ നിരീക്ഷിക്കാൻ തമിഴ്‌നാട് ചുമതലപ്പെടുത്തിയിട്ടുണ്ട്. വെറ്ററിനറി സർജൻമാരും സീനിയർ ഓഫീസർമാരും മേൽനോട്ടം വഹിക്കുന്നുണ്ടെന്നും തമിഴ്‌നാട് അറിയിച്ചു.