ടിക്കറ്റ് റദ്ദാക്കാതെ യാത്രാ തീയ്യതി മാറ്റാം, അതും പണം മുടക്കാതെ; മാറ്റവുമായി റെയില്‍വേ!

news image
Jun 10, 2023, 7:06 am GMT+0000 payyolionline.in

പ്രതിദിനം ദശലക്ഷക്കണക്കിന് യാത്രക്കാരുടെ ജീവനാഡിയാണ് ഇന്ത്യൻ റെയിൽവേ. ഇപ്പോഴിതാ യാത്രക്കാർക്ക് സൗകര്യപ്രദവും ഉപയോഗപ്രദവുമായ ഒരു നിയമം നടപ്പിലാക്കിയിരിക്കുന്നു. ടിക്കറ്റ് റദ്ദാക്കതെ നിങ്ങളുടെ യാത്രാ തീയതിയിൽ മാറ്റം വരുത്താൻ ഈ പുതിയ നിയമം നിങ്ങളെ അനുവദിക്കുന്നു. ഇതിനായി അധിക നിരക്ക് ഈടാക്കുന്നില്ല എന്നതാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം.

 

ട്രെയിൻ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്താലും പലപ്പോഴും യാത്ര തീയതികളിൽ മാറ്റം വന്നേക്കാം. അതായത് യാത്രാ തീയതി അടുക്കുമ്പോൾ, മുൻകൂട്ടിക്കാണാൻ കഴിയാത്ത സാഹചര്യങ്ങൾ ഉണ്ടാകുകയും ഇത് നിങ്ങളുടെ പ്ലാനുകൾ മാറ്റാനും ഇടയാക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ, നിങ്ങളുടെ ടിക്കറ്റ് റദ്ദാക്കേണ്ടതിന്റെ ആവശ്യകത ഒരു അസൗകര്യം ഉണ്ടാക്കാം. ഈ സാഹചര്യങ്ങളിൽ സാധാരണയായി ടിക്കറ്റ് റദ്ദാക്കിയ ശേഷം പുതിയ ടിക്കറ്റ് എടുക്കുകയായിരുന്നു ഇതുവരെ ചെയ്യേണ്ടിയിരുന്നത്. അങ്ങനെ വരുമ്പോൾ ടിക്കറ്റ് റദ്ദാക്കിയ ചാർജ് നൽകേണ്ടി വരും. ഇതിലാണ് ഇപ്പോൾ  ഇന്ത്യൻ റയിൽവേ വൻ മാറ്റം വരുത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇനിമുതൽ ടിക്കറ്റ് കാൻസൽ ചെയ്യാതെ തന്നെ ഒരാൾക്ക് യാത്രാ സമയം പരിഷ്കരിക്കാം. ഇതിനായി ട്രെയിൻ പുറപ്പെടുന്നതിന് ഏകദേശം 48 മണിക്കൂർ മുമ്പ് റിസർവേഷൻ കൗണ്ടറിൽ സ്ഥിരീകരിച്ച ടിക്കറ്റ് സറണ്ടർ ചെയ്‍താൽ മതിയാകും.

ടിക്കറ്റ് സമർപ്പിച്ചുകഴിഞ്ഞാൽ പുതിയ യാത്രാ തിയതിയ്ക്കായി അപേക്ഷിക്കാം. കൂടാതെ, യാത്രക്കാരൻ ആഗ്രഹിക്കുന്നുവെങ്കിൽ, ടിക്കറ്റ് ഉയർന്ന ക്ലാസിലേക്ക് അപ്ഗ്രേഡ് ചെയ്യാനും സാധിക്കും. നിങ്ങളുടെ അപേക്ഷ ലഭിച്ചാൽ, ഇന്ത്യൻ റെയിൽവേ നിങ്ങളുടെ യാത്രാ തീയതിയിലും ക്ലാസിലും ആവശ്യമായ മാറ്റങ്ങൾ വരുത്തും.

തീയതി മാറ്റുന്നതിന് അധിക നിരക്ക് ഈടാക്കില്ല. എന്നാൽ ക്ലാസ് മാറ്റാൻ അപേക്ഷിച്ചിട്ടുണ്ടെങ്കിൽ അതിന് എത്ര നിരക്ക് വരുന്നോ അത് ഈടാക്കും. അതായത് ഉയർന്ന ക്ലാസ് തിരഞ്ഞെടുക്കുമ്പോൾ നിരക്കും ഉയരും എന്നര്‍ത്ഥം.എന്തായാലും  ഈ സൗകര്യപ്രദമായ നടപടിക്രമം ഉപയോഗിച്ച്, നിങ്ങളുടെ യാത്രാ പദ്ധതികളിൽ മാറ്റം വരുത്തുന്നത് തടസരഹിതമാകും എന്നുറപ്പ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe